NationalTop News

ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ സോഫയും കിടക്കയും എസിയും മോഷ്ടിച്ചു, തേജസ്വി യാദവിനെതിരെ ബിജെപി

Spread the love

ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ സോഫയും എസിയും കിടക്കകളുമുള്‍പ്പടെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മോഷ്ടിച്ചുവെന്ന ആരോപണവുമായി ബിജെപി. തേജസ്വി യാദവ് നേരത്തെ ഉപയോഗിച്ചിരുന്ന വസതിയിലേക്ക് നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മാറിയതിന് പിന്നാലെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. സാമ്രാട്ട് ചൗധരിയുടെ പേഴ്‌സണല്‍ സെക്രട്ടറി ശത്രുഘ്‌നന്‍ പ്രസാദാണ് ഇതുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോഫ, വാട്ടര്‍ ടാപ്പുകള്‍, വാഷ്‌ബേസിന്‍, ലൈറ്റുകള്‍, എസികള്‍, കിടക്കകള്‍ എന്നിവയെല്ലാം ഔദ്യോഗിക വസതിയില്‍ നിന്ന് കാണാതായെന്നാണ് ബിജെപി പറയുന്നത്.

സുശീല്‍ മോദി വസതി ഒഴിഞ്ഞപ്പോള്‍ രണ്ട് ഹൗഡ്രോളിക് ബെഡുകളും അതിഥികള്‍ക്കിരിക്കാനുള്ള സോഫകളുമെല്ലാം ഇവിടെ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ കാണാനില്ലെന്നും ശത്രുഘ്‌നന്‍ പ്രസാദ് പറയുന്നു. 20ലധികം സ്പ്ലിറ്റ് എസികളും കാണാനില്ല. ഓപ്പറേറ്റിങ് റൂമില്‍ കമ്പ്യൂട്ടറോ കസേരകളോ ഇല്ല. അടുക്കളയില്‍ ഫ്രിഡ്ജ് ഇല്ല, ചുമരില്‍ നിന്ന് ലൈറ്റുകള്‍ ഉള്‍പ്പടെ കവര്‍ന്നിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ആര്‍ജെഡി പരിഹസിച്ചു. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ഞായറാഴ്ചയാണ് പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് തേജസ്വി യാദവ് മാറിയത്.