KeralaTop News

ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓംപ്രകാശിന്റെ മുറി സന്ദര്‍ശിച്ചു’: റിമാന്റ് റിപ്പോര്‍ട്ടില്‍ താരങ്ങളുടെ പേര്

Spread the love

ലഹരിക്കേസില്‍ പിടിയിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന് ജാമ്യം. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 8 ആണ് ജാമ്യം അനുവദിച്ചത്. ഓംപ്രകാശിന് ഒപ്പം പിടികൂടിയ ഷിഹാസിനും ജാമ്യ അനുവദിച്ചു. അതേസമയം, കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമ താരങ്ങളുടെ പേരുമുണ്ടെന്ന റിപ്പോര്‍ട്ട് കൂടി പുറത്തു വന്നു. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ മുറി സന്ദര്‍ശിച്ചു എന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് പുറമെ 20ല്‍ അധികം ആളുകളും മുറിയില്‍ എത്തി.

ഏത് പശ്ചാത്തലത്തിലാണ് ഈ സിനിമ താരങ്ങള്‍ക്ക് ക്രിമിനലായ ഓംപ്രകാശുമായി ബന്ധം എന്നതാണ് ഉയരുന്ന ചോദ്യം. സിനിമാ മേഖലയിലേക്കും കേസിന്റെ അന്വേഷണം നീളും എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്നലെ ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ച ഘട്ടത്തിലാണ് ഇതില്‍ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് ശ്രദ്ധയില്‍ പെട്ടത്. ചോദ്യം ചെയ്യലില്‍ ഇരുവരും തന്നെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഓം പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തു. ഇത് സാധൂകരിക്കുന്നതിനായി ഇരുവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍, താരങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ലഹരിക്കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നില്ല. അതേസമയം, ഇരുവര്‍ക്കും കേസില്‍ പങ്കുണ്ടോയെന്നും അവര്‍ എന്തിന് വേണ്ടിയാണ് ഇയാളുടെ മുറിയിലേക്ക് എത്തിയതെന്നും അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ സണ്‍ബേണ്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ ലഹരി വസ്തുവായ കൊക്കെയ്‌ന് വിതരണം ചെയ്യാനാണ് ഓംപ്രകാശ് കൊച്ചിയിലെത്തിയതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ ഉണ്ട്. ഓം പ്രകാശിന്റെതുള്‍പ്പടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് പൊലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇന്നലെയാണ് എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്. ലഹരി കൈവശം വെച്ചതായിരുന്നു കേസ്. ഓംപ്രകാശിനെതിരെ ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് ഇയാളുടെ അഭിഭാഷകന്‍ പ്രതികരിച്ചു. കൊക്കെയ്ന്‍ ഉണ്ടായിരുന്ന കവര്‍ പിടിച്ചെടുത്തു എന്നാണ് പറയുന്നത്. എന്നാല്‍ എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നു എന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് പൊലീസ് ചേര്‍ത്തിരുന്നത് – അഭിഭാഷകന്‍ വ്യക്തമാക്കി