Top NewsWorld

മരണസംഖ്യ 42,000ത്തോട് അടുക്കുന്നു; അശാന്തമായി പശ്ചിമേഷ്യ; ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നു

Spread the love

ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഹമാസ് ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ ഗസ്സയിൽ മരണസംഖ്യ 42,000ത്തോട് അടുക്കുകയാണ്. സമീപകാല സംഭവവികാസങ്ങൾ വിലയിരുത്തുമ്പോൾ ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി നിലനിൽക്കുകയാണ്.

ഒക്ടോബർ 7, 2023. സമയം രാവിലെ ഏഴുമണിയോടടുക്കുന്നു. ഇസ്രയേലിന്റെ സുരക്ഷാവേലികൾ തകർത്തെറിഞ്ഞ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം. തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും 1200-ഓളം പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കി. ഇസ്രയേലി ചാരസംഘടനയായ മൊസാദിനും ഇസ്രയേലി ഡിഫൻസ് ഫോഴ്‌സിനും മുൻകൂട്ടി കാണാൻ കഴിയാതിരുന്ന ആ ആക്രമണത്തിന് ഓപ്പറേഷൻ അൽ-അഖ്‌സ ഫ്‌ളഡ് എന്നാണ് ഹമാസ് പേരിട്ടിരുന്നത്. ആക്രമണത്തിന്റെ നടുക്കത്തിൽ നിന്നും മോചിതമാകുംമുമ്പേ, രാവിലെ 10.47-ഓടെ ഓപ്പറേഷൻ അയൺ സോഡ്‌സ് എന്ന പേരിൽ ഇസ്രയേലിന്റെ പ്രത്യാക്രമണം.

ഇസ്രയേൽ യുദ്ധം ആരംഭിച്ചുകഴിഞ്ഞുവെന്ന് 11.35-ഓടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹവിന്റെ പ്രസ്താവന. പന്ത്രണ്ടരയോടെ അമേരിക്ക ഇസ്രയേലിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു. അന്ന് ആരംഭിച്ച യുദ്ധത്തിന് ഒരു വർഷമാകുമ്പോൾ ഹമാസിനു പുറമേ, ലെബനനിലെ ഹിസ്ബുല്ലയുമായും യെമനിലെ ഹൂതികളുമായും ഇസ്രയേലിന്റെ യുദ്ധം ശക്തിപ്പെട്ടിരിക്കുന്നു. യെമനിലെ ഹൂതികൾ ഇസ്രയേലിലേക്ക് മിസൈലുകൾ വിക്ഷേപിക്കുകയും ചെങ്കടലിൽ കപ്പലുകളെ നിരന്തരം ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇറാന്റെ പ്രോക്‌സികളായ ഹിസ്ബുല്ലയുടേയും ഹമാസിന്റെയും പ്രധാന നേതാക്കളെ ഇസ്രയേൽ ഇല്ലാതാക്കിയതിനു പിന്നാലെ, ഇസ്രയേലിലേക്ക് ഇറാൻ മിസ്സൈലാക്രമണം നടത്തിയതും ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിക്കും ഇടയാക്കിയിരിക്കുന്നു.

ഗസ്സയിലെ മരണനിരക്കാകട്ടെ 42,000-ത്തോട് അടുക്കുകയാണ്. ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലും കരയുദ്ധത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരം കവിഞ്ഞിരിക്കുന്നു. ഗസ്സയെ കടുത്ത ഭക്ഷ്യക്ഷാമവും രോഗങ്ങളും വേട്ടയാടുകയാണ്. ഇസ്രയേലിൽ നിന്നും ഹമാസ് ബന്ദികളാക്കിയ 251 പേരിൽ 91 പേർ മാത്രമേ ശേഷിക്കുന്നുള്ളു. യുദ്ധത്തിനിടെ 2023 നവംബറിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലുകളും ബന്ദി കൈമാറ്റവും നടന്നെങ്കിലും സമാധാനം പുനസ്ഥാപിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾ ഫലവത്തായില്ല. ലെബനനിലുണ്ടായ പേജർ സ്‌ഫോടന പരമ്പരയും ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയേയും മറ്റ് പ്രമുഖ നേതാക്കളേയും കൊലപ്പെടുത്തിയതും ലെബനനിന് നേരെയുള്ള ഇസ്രയേലിന്റെ കരയുദ്ധവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ്.