ഇറാൻ എല്ലാ വിമാന സർവീസുകളും റദ്ദാക്കി , നിയന്ത്രണം നാളെ രാവിലെ വരെ; എന്തും സംഭവിക്കാവുന്ന മണിക്കൂറുകളിലൂടെ പശ്ചിമേഷ്യ
രാജ്യത്തെ എയർപോർട്ടുകളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഇറാൻ റദ്ദാക്കി. ഇന്ന് രാത്രി ഒൻപത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം. തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഔദ്യോഗിക വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
ഹമാസിൻ്റെ ഒക്ടോബർ ഏഴ് ആക്രമണത്തിന് ഒരു വർഷം തികയുന്ന നാളെ പശ്ചിമേഷ്യയിൽ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്ന ഭീതി ശക്തമാണ്. കഴിഞ്ഞ ചൊവ്വാഴ്ച 200 മിസൈലുകൾ തൊടുത്തുവിട്ട് ഇസ്രയേലിനെ ഇറാൻ ആക്രമിച്ചിരുന്നു. തിരിച്ചടിക്കുമെന്ന് പറഞ്ഞ ഇസ്രയേൽ ഇതുവരെ എപ്പോൾ എങ്ങനെ ആക്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ചൊവ്വാഴ്ച മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ വ്യോമപാത രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. പിന്നീട് വ്യാഴാഴ്ചയാണ് വ്യോമഗതാഗതം പുനരാരംഭിച്ചത്. സുരക്ഷാ മുൻകരുതലെന്നോണം സ്വീകരിച്ച നടപടിയെന്നാണ് ഇതേക്കുറിച്ച് ഇറാൻ വിശദീകരിച്ചത്.
അതേസമയം ഇറാനിയൻ വ്യോമപാത ഒക്ടോബർ 31 വരെ ഒഴിവാക്കാനാണ് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം ഇസ്രയേൽ ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇറാനിലെ റവല്യൂഷണറി ഗാർഡിൻ്റെ നേതൃത്വത്തിൽ ഖർഗ് ഐലൻ്റടക്കം ഓയിൽ ടെർമിനലുകളുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.