Sunday, November 24, 2024
Latest:
BusinessTop News

സ്വർണക്കുതിപ്പിന് ഒരാശ്വാസം; സ്വർണവില കുറഞ്ഞു

Spread the love

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം തുടങ്ങിയത് മുതൽ സ്വർണം റോക്കറ്റ് സ്പീഡിലായിരുന്നു കുതിച്ച് പാഞ്ഞത്. അമേരിക്കയിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതിന്റെ കണക്ക് പുറത്ത് വന്നതാണ് സ്വർണവിലയ്ക്ക് സഡൻ ബ്രേക്കിട്ടത്.

വെള്ളിയാഴ്ച 56,960 രൂപയായി ഉയർന്നാണ് സ്വർണവില റെക്കോർഡിട്ടത്. തുടർന്ന് ശനിയാഴ്ച വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് സ്വർണവില ഇടിഞ്ഞത്. പോയ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായി അമേരിക്കയിൽ തൊഴിൽ സൃഷ്ടി. തൊഴിലില്ലായ്മ 4.1 ശതമാനത്തിലേക്ക് താഴ്ന്നത് മൂലം ഇനി ഒരു കടുത്ത നിരക്ക് വെട്ടിക്കുറക്കലിന് യു എസ് ഫെഡ് തയ്യാറായേക്കില്ലെന്നാണ് സൂചിപ്പിക്കുന്നത്.

നവംബറിൽ അര ശതമാനം കൂടി നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ മങ്ങിയതോടെ സ്വർണത്തിന് നിക്ഷേപക മനസിൽ തിളക്കം മങ്ങുകയായിരുന്നു. അല്ലെങ്കിൽ തന്നെ കടിഞ്ഞാണില്ലാതെ പായുന്ന സ്വർണവിലയിൽ ഒരു ‘തിരുത്ത്’ വരുമെന്ന വിദഗ്ധരുടെ പ്രവചനവും നിലനിൽക്കുന്നു. എന്നാലും ഈ വാരം ഫെഡ് ഉദ്യോഗസ്ഥർ നടത്താനിരിക്കുന്ന പ്രസ്താവനകളും ഉറ്റുനോക്കുകയാണ് നിക്ഷേപകർ. ഒപ്പം തന്നെ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഗതിയും സ്വർണ വിലയെ ബാധിക്കും.