‘എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിന്റെ പ്രശ്‌നങ്ങളുടെ എബിസിഡി അറിയില്ല, മുസ്ലിങ്ങളെ വോട്ട് ബാങ്കായിക്കാണുന്നു’: രാഹുല്‍ ഗാന്ധിക്കെതിരെ കിരണ്‍ റിജിജു
ഹിന്ദുക്കളെ ഭിന്നിപ്പിക്കുകയും മുസ്ലിങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസ് നയമെന്ന് വിമര്‍ശിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ മുസ്ലിങ്ങളെ കോണ്‍ഗ്രസ് വോട്ട് ബാങ്കായി ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് വേളയില്‍ തങ്ങളുടെ 15 ശതമാനം വോട്ട് വിഹിതം (മുസ്ലിം പിന്തുണ) റിസര്‍വ്ഡ് ആണെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ആ പാര്‍ട്ടിയുടെ ചിന്താഗതിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. മുസ്ലിംകളെ തങ്ങളുടെ വോട്ടുബാങ്കായാണ് കോണ്‍ഗ്രസ് കാണുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അത് മുസ്ലീങ്ങള്‍ക്ക് വലിയ നഷ്ടമാണ് – അദ്ദേഹം വ്യക്തമാക്കി.
മുസ്ലിങ്ങള്‍ക്കുള്ള എന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായി മാറരുത്. ഹിന്ദുക്കള്‍ക്കും മറ്റുള്ളവര്‍ക്കമുള്ള എന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയത്തിന്റെ ഇരകളാവരുത്. അഭിമുഖത്തിന്റെ ഒരു ഭാഗം എക്‌സില്‍ പങ്കുവച്ചുകൊണ്ട് കിരണ്‍ റിജിജു കുറിച്ചു. മുസ്ലിങ്ങള്‍ എല്ലായ്‌പോഴും തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ ധാരണയെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ചിന്താ പ്രക്രിയയ്ക്കിടയില്‍ മുസ്ലീം സമൂഹം എങ്ങനെ വികസിക്കുമെന്നും അദ്ദേഹം ചോദിച്ചു.
എസ് സി, എസ് ടി , ഒബിസി വിഭാഗങ്ങളിലെ ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ എബിസിഡി പോലും രാഹുല്‍ ഗാന്ധിക്ക് അറിയില്ല. എന്നിട്ടും എല്ലാ സമയത്തും അദ്ദേഹം ഈ വിഭാഗങ്ങളെ കുറിച്ച് സംസാരിക്കുന്നു. – ന്യൂനപക്ഷകാര്യ മന്ത്രി പറഞ്ഞു.