സഭാനടപടികൾ നടക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചത്,സ്പീക്കർ നിഷ്പക്ഷൻ ആണെന്ന് പറയാൻ കഴിയുമോ?; വിഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ ‘മലപ്പുറം’ പരാമർശത്തിന്മേൽ നിയമസഭയിൽ 12 മണിക്ക് അടിയന്തര പ്രമേയ ചർച്ച നടക്കാനിരിക്കെ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
മുഖ്യമന്ത്രി മനപൂർവ്വം പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഉമ്മാക്കി കണ്ട് പേടിച്ചോടാൻ ഇവിടെ ആരും ഇല്ലെന്നും സഭാനടപടികൾ നടക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചത്. അടിയന്തര പ്രമേയത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും മലപ്പുറത്തെക്കുറിച്ച് മോശമായി പറഞ്ഞത് ഞങ്ങൾ അല്ല, പിന്നെ എന്തിനാണ് ഞങ്ങൾ ഭയപ്പെടുന്നതെന്നും വിഡി സതീശൻ ചോദിച്ചു.
”മലപ്പുറം പരാമർശം വീണ്ടും നിയമസഭയിൽ ഉന്നയിക്കാനാണ് ശ്രമിക്കുന്നത്, ഞങ്ങൾ നൽകിയ കേന്ദ്രസമയ നോട്ടീസിന് ഞങ്ങൾ തയ്യാറാവില്ലേ? ആ വിഷയം ഇനിയും ഞങ്ങൾ സഭയിൽ അവതരിപ്പിക്കും. ഞങ്ങൾ ഒളിച്ചോടി എന്ന് പറയുന്നതൊക്കെ തമാശയാണ്. തിരിച്ചു വന്നിട്ടും ഞങ്ങളെ പ്രകോപിപ്പിക്കാൻ വേണ്ടി വീണ്ടും നിലവാരമില്ലാത്ത ആൾ എന്ന് പറഞ്ഞു” സതീശൻ പറഞ്ഞു.
മലപ്പുറം പരാമർശം മനപൂർവ്വമായിരുന്നു ഇത് മുഖ്യമന്ത്രി ഗൂഢാലോചന നടത്തി പുറത്തെത്തിച്ചു. സംഘപരിവാറിന്റെ വഴിയിലാണ് പിണറായി വിജയനിപ്പോൾ സഞ്ചരിക്കുന്നത്. കേരളത്തെ കുറിച്ച് മോശം ഇമേജ് ദേശീയതലത്തിൽ വരെയുണ്ടാക്കി. സംഘപരിവാറിന് സമാനമായി മതപരമായ ഭിന്നിപ്പുണ്ടാക്കാൻ അദ്ദേഹം പിആർ ഏജൻസിയെ ഇറക്കി വിഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, സ്പീക്കറുടേയുംസർക്കാരിന്റേയും ഭാഗത്ത് നിന്ന് ദൗർഭാഗ്യകരമായ പെരുമാറ്റമാണ് ഇന്ന് നിയമസഭയിൽ കണ്ടത്. നിയമസഭ നാടകീയ രംഗങ്ങൾക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷഅംഗങ്ങൾ കൂട്ടായി ബഹളം ഉണ്ടാക്കിയപ്പോൾ ”ആരാണ് പ്രതിപക്ഷ നേതാവ്?” എന്ന് സ്പീക്കർ ചോദിച്ചു. സ്പീക്കർ നിഷ്പക്ഷനാണെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ? അദ്ദേഹം അനാദരവോടെയാണ് സംസാരിച്ചത് സതീശൻ പറഞ്ഞു.
എന്നാൽ സ്പീക്കർ എ എൻ ഷംസീന്റെ ചോദ്യത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചെങ്കിലും ആ പരാമർശങ്ങൾ സഭ രേഖകളിൽ നിന്ന് നീക്കി. പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് സഭയിൽ ഇന്ന് രാവിലെ തന്നെ പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്. സഭയിൽ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നാണ് ചട്ടമെന്ന് ഓർമ്മിപ്പിച്ച സ്പീക്കർ ഈ ചോദ്യങ്ങൾ അംഗങ്ങൾ പരസ്യപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തി. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും റൂൾ ബുക്കിലെ സെക്ഷനടക്കം വിശദീകരിച്ച് സ്പീക്കർ പറഞ്ഞു.
എന്നാൽ ഇതിൽ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങൾ സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി. പ്രതിപക്ഷ അംഗങ്ങൾക്ക് ഈ ഘട്ടത്തിൽ ചോദ്യം ചോദിക്കാൻ സ്പീക്കർ അവസരം നൽകിയില്ല. ഇത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ സീറ്റിൽ പോയിരുന്നാൽ മാത്രമേ മൈക്ക് ഓൺ ചെയ്യൂ എന്ന് സ്പീക്കർ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് പ്രതിപക്ഷ അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.