അവസാന മത്സരവും കഴിഞ്ഞു; ‘കുതിരയോട്ടം’ നിർത്തി സിംഗപ്പൂർ
181 വർഷത്തോളം നീണ്ടുനിന്ന കുതിരയോട്ടത്തിന് വിരാമമിട്ട് സിംഗപ്പൂർ. വീടുകൾ വയ്ക്കാൻ സ്ഥലം കണ്ടെത്താനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി ഏക റേസ് കോഴ്‌സ് ടര്‍ഫ് ക്ലബ്ബ് അടച്ചു. ശനിയാഴ്ച നടന്ന അവസാന മത്സരമായ ഗ്രാൻഡ് സിംഗപ്പൂർ ഗോൾഡിന് ശേഷം ഈ ഭൂമി സർക്കാരിന് ക്ലബ് വിട്ടുകൊടുത്തു. ഈവർഷം രാജ്യത്തിലെ ജനസംഖ്യ ആറ് ദശലക്ഷം കടന്നിരുന്നു. വർധിച്ചുവരുന്ന ജനസംഖ്യയിലുണ്ടായ ആശങ്കയാണ് ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് സർക്കാരിനെ നയിച്ചത്. ഏകദേശം മുന്നൂറ് ഏക്കറോളം വരുന്നതാണ് ഈ സ്ഥലം. ഏകദേശം 700 പന്തയക്കുതിരകള്‍ ക്ലബ്ബിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
1842 ല്‍ ഒരു സ്‌കോട്ടിഷ് വ്യാപാരിയും ഏതാനും കുതിരപ്പന്തയ പ്രേമികളും ചേര്‍ന്നാണ് ക്ലബ്ബ് സ്ഥാപിച്ചത്. പഴയ ബുക്കിറ്റ് ടിമാട്രാക്കിന് പകരം രണ്ടായിരത്തിലാണ് ക്രീഞ്ചിയിലെ ഇപ്പോഴത്തെ റേസ് കോഴ്‌സ് തുറന്നത്.
സിംഗപ്പൂരിൽ കുതിരയോട്ടം ഏറെക്കുറെ തകർച്ചയുടെ പാതയിലായിരുന്നു. 2010-ൽ റേസ്-ഡേ ശരാശരി 11,000 ആയിരുന്നത് 2019-ൽ ഏകദേശം 6,000 ആയി കുറഞ്ഞു. പിന്നീട് കോവിഡ് ഭീകരത കാണികളുടെ എണ്ണം പകുതിയിലധികം വെട്ടികുറയ്ക്കുകയായിരുന്നു. മറ്റ് കായിക വിനോദങ്ങളിലേക്ക് ചെറുപ്പക്കാരുടെ താൽപ്പര്യം മാറിയതും ഒരു കാരണമാണ്. കാഴ്ചക്കാരുടെ കുറവ് മുൻനിർത്തി കഴിഞ്ഞവർഷം ഈ കായികയിനം അവസാനിപ്പിക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയിരുന്നു.