സ്വർണ്ണക്കടത്തിൽ മത പണ്ഡിതരും, ഹജ്ജ് കഴിഞ്ഞ് മടങ്ങുംവഴി സ്വർണം കടത്തി’; കെ ടി ജലീൽ
സ്വർണ്ണക്കടത്തിൽ മത പണ്ഡിതരും, ഇവർ ലീഗ് വേദികളിൽ പ്രസംഗിക്കുന്നുവെന്ന ആരോപണവുമായി കെ ടി ജലീൽ എംഎൽഎ. ഹജ്ജ് കഴിഞ്ഞു മടങ്ങുംവഴി സ്വർണം കടത്തിയെന്ന് ജലീൽ പറയുന്നു. ആരോപണം തെറ്റെങ്കിൽ തെളിയിക്കാൻ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും ജലീൽ പറഞ്ഞു. തന്റെ ആരോപണം തെറ്റെന്ന് തെളിയിച്ചാൽ മുസ്ലിം ലീഗ് പറയുന്നത് എന്തും ചെയ്യുമെന്നും കെ ടി ജലീൽ പറഞ്ഞു.
പാണക്കാട് തങ്ങൾ ഇതിനെതിരെ മതവിധി പുറപ്പെടുവിക്കാൻ തയ്യാറാകണം. മതവിധി പുറപ്പെടുവിക്കാൻ കഴിയില്ലെങ്കിൽ സാദിഖ് അലി തങ്ങൾ സ്ഥാനമൊഴിയണം. സ്വർണ്ണക്കടത് കേസിൽ തന്നെ വേട്ടയാടിയെന്നും ജലീൽ പറയുന്നു. അന്നൊന്നും ഈ മലപ്പുറം സ്നേഹം കണ്ടില്ലെന്നും ജലീൽ കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുത്. മുസ്ലിങ്ങൾ എല്ലാം സ്വർണ്ണകള്ളകടത്തുകാരാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.
മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയിൽ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. കോൺഗ്രസ്സും മുസ്ലിം ലീഗും അതിനെ സപ്പോർട്ട് ചെയ്തു. അന്ന് വലിയ രീതിയിൽ ഉളള സമരപരിപാടികൾ എനിക്കെതിരെ സംഘടിപ്പിച്ചു. അന്ന് താൻ മലപ്പുറത്തുകാരനാണ് എന്നൊരു ബോധ്യം അവർക്ക് ഇല്ലായിരുന്നോ?.
താൻ പറഞ്ഞത് കരിപ്പൂർ കേന്ദ്രമായി കള്ളകടത്ത് നടത്തുന്നു. അത് പൊലീസ് പിടിക്കുമ്പോൾ സ്വർണ്ണത്തിലെ തൂക്കം കുറയുന്നു. അതിന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ ഉള്ളവരാണ്. അതാണ് താൻ ചൂണ്ടി കാണിച്ചത്. കള്ളകടത്തിന് പിടിക്കപ്പെടുമ്പോൾ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിർത്താൻ മുസ്ലിം ലീഗ് തയ്യാറല്ലെന്നും കെടി ജലീൽ പറഞ്ഞു.