ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണക്കിണറുകൾ ആക്രമിക്കരുത്’: ഇസ്രയേലിനോട് അമേരിക്ക
ഇറാന്റെ എണ്ണക്കിണറുകൾ ആക്രമിക്കരുതെന്ന് ഇസ്രയേലിനോട് അമേരിക്ക. ഇറാന്റെ ആണവ കേന്ദ്രങ്ങളിലും ആക്രമണം നടത്തരുതെന്ന് അമേരിക്ക നിർദേശം നൽകി. ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന വിവരങ്ങൾക്കിടെ എണ്ണക്കിണറുകൾ ഇറാൻ ഓയിൽ മന്ത്രി സന്ദർശിച്ചു. ഖാർഗ് ദ്വീപിലെ എണ്ണക്കിണറുകളാണ് സന്ദർശിച്ചത്.
ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ എണ്ണ കേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യം വെച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നത്. ഇറാന് കൃത്യമായ മറുപടി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിലേക്ക് ഇറാൻ വർഷിച്ചിരുന്നത്. എണ്ണ കേന്ദ്രങ്ങൾക്കൊപ്പം ആണവ കേന്ദ്രങ്ങളും ഇസ്രയേൽ ആക്രമിക്കുമെന്നാണ് വിവരം. എന്നാൽ ഇസ്രയേൽ പ്രത്യാക്രമണത്തിന് മുതിർന്നിട്ടില്ല. ഇതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നതും. കൃത്യമായ ആസൂത്രണത്തോടെ ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്.
ആണവനിലയങ്ങൾ അക്രമിക്കുന്നതിന് പിന്തിരിയണമെന്നും അമേരിക്കയുടെ പിന്തുണ ഉണ്ടാകില്ലെന്നും പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഹമാസ് ആക്രമണത്തിന്റെ വാർഷികദിനമായ ഒക്ടോബർ 7, ഇസ്രയേൽ തിരിച്ചടിക്കാൻ തിരഞ്ഞെടുക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. അതേസമയം ലബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ ഇറാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.