പശ്ചിമേഷ്യയിലെ യുദ്ധം തിരിച്ചടിച്ചു; പെട്രോൾ-ഡീസൽ വില കുറയ്ക്കുമെന്ന പ്രതീക്ഷ നശിച്ചു, ക്രൂഡ് ഓയിൽ വില കുതിച്ചു തുടങ്ങി
പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നേക്കുമെന്ന് ഭീതി. ഇസ്രയേൽ ഒരു വശത്തും ഇറാനും ഹിസ്ബുല്ലയും ഹമാസും ഇറാഖി സായുധ സേനയും മറുവശത്തുമായി നടക്കുന്ന യുദ്ധം മൂർച്ഛിച്ചതോടെയാണിത്. കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ പശ്ചാത്തലത്തിൽ പെട്രോൾ – ഡീസൽ വിലയിൽ ഈ കുറവ് പ്രതീക്ഷിക്കുന്നതിനിടെയാണ് യുദ്ധം രൂക്ഷമായത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ആഘോഷ സീസണുകളും കണക്കിലെടുത്ത് ഇന്ത്യയിൽ ഇന്ധന വില കുറയുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനം ഉയർന്നു. ആഗോള തലത്തിൽ ഇന്ധന വിതരണം തടസപ്പെടുമോയെന്ന ആശങ്കയും ഇപ്പോഴുണ്ട്. അങ്ങിനെ വന്നാൽ ലോകത്താകമാനം പ്രതിസന്ധിയുണ്ടാകും.
കഴിഞ്ഞ മാസം അസംസ്കൃത ക്രൂഡ് ഓയിൽ വില മൂന്ന് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. ഇതിന്റെ ആനുകൂല്യം ജനത്തിന് ലഭ്യമാക്കണമെന്ന ചർച്ച കേന്ദ്ര ഭരണ തലത്തിൽ നടന്നിരുന്നു. എന്നാൽ ആഗോള സ്ഥിതി മാറിയതിനാൽ ഇപ്പോൾ വില കുറയ്ക്കുന്നത് തങ്ങൾക്ക് ഗുണകരമായേക്കില്ലെന്ന നിലപാടിലേക്ക് എണ്ണക്കമ്പനികൾ മാറി.