കെ രാധാകൃഷ്ണന് പകരക്കാരനായി യു ആര്‍ പ്രദീപ്? ചേലക്കരയില്‍ തിരക്കിട്ട നീക്കങ്ങളുമായി മുന്നണികള്‍; തിങ്കളാഴ്ച സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം
ചേലക്കര ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് മുന്നണികള്‍. പ്രാഥമിക ചര്‍ച്ചകളിലേക്ക് സിപിഐഎം ഉടന്‍ കടക്കും. ഒരുക്കങ്ങള്‍ വേഗം തുടങ്ങാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കോണ്‍ഗ്രസും പ്രാദേശിക ചര്‍ച്ചകളിലേക്ക് കടന്നെന്നാണ് വിവരം. ബിജെപി ക്യാമ്പില്‍ നിന്നും പല പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുമുണ്ട്.
തൃശ്ശൂരിലെ ജനകീയനായ നേതാവ് കെ രാധാകൃഷ്ണന് പകരക്കാരനായി മുന്‍ എംഎല്‍എ യു ആര്‍ പ്രദീപിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സാധ്യതയേറുന്നത്. സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷന്റെ ചെയര്‍മാന്‍ കൂടിയാണ് പ്രദീപ്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ വാസു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് വിവരം. സിപിഐഎം തങ്ങളുടെ ഉറച്ച മണ്ഡലമായി കാണുന്ന മണ്ഡലങ്ങളിലൊന്നാണ് ചേലക്കര. 1996 മുതല്‍ മണ്ഡലം സിപിഐഎം തന്നെയാണ് കൈവശം വച്ചിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ നടക്കുന്ന തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ പങ്കെടുത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മറ്റ് പാര്‍ട്ടികളേക്കാള്‍ മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സിപിഐഎം തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നത്. പി വി അന്‍വര്‍ ഉയര്‍ത്തി വിട്ട വിവാദങ്ങള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി, ഭരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് മറികടക്കാനുണ്ട്.