KeralaTop News

‘കോതമംഗലത്ത് കൊമ്പന്മാര്‍ ഏറ്റുമുട്ടുമ്പോൾ വിജയ് ദേവരകൊണ്ട കാരവാനില്‍, സംഭവം ലാസ്റ്റ് ഷോട്ടിന്റെ റീടേക്കിനിടെ’; ജോമോൻ ടി ജോൺ

Spread the love

കോതമംഗലത്ത് സിനിമാ ചിത്രീകരണത്തിനിടെ കൊമ്പന്മാര്‍ ഏറ്റുമുട്ടിയപ്പോൾ ആദ്യത്തെ തവണ കൊമ്പന്‍ മണികണ്ഠന്റെ കുത്തേറ്റിട്ടും നേരത്തെനിന്ന സ്ഥലത്തേക്ക് സാധു തിരിച്ചെത്തിയിരുന്നുവെന്ന് ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍.

രണ്ടാമത്തെ കുത്ത്‌ കുറച്ച് ശക്തിയേറിയതായിരുന്നു. തുടര്‍ന്നാണ് പുതുപ്പള്ളി സാധു കാടുകയറിയത്. ആനയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. ലാസ്റ്റ് ഷോട്ടിന്റെ റീടേക് സമയത്താണ് സംഭവമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

സമയത്ത്‌ നായകന്‍ വിജയ് ദേവരകൊണ്ട കാരവാനിലായിരുന്നുവെന്ന് ജോമോന്‍ ടി. ജോണ്‍ പറഞ്ഞു. എന്നാല്‍, താരം ചിത്രീകരണസ്ഥലത്ത് ഉണ്ടായിരുന്നില്ല. വിജയ് ദേവരകൊണ്ടയുടെ ഡ്യൂപ്പിനെ വെച്ചായിരുന്നു ആ സമയത്തെ ഷൂട്ടിങ്. ദേവരകൊണ്ട ചിത്രീകരണസ്ഥലത്തേക്ക് വരാനിരുന്നപ്പോഴാണ് ആനകള്‍ ഏറ്റുമുട്ടിയതെന്നും ജോമോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ വശത്തും കാടാണ്, നടുവില്‍ ഒരു റോഡ് മാത്രമേയുള്ളൂ. എല്ലാവരും പേടിച്ചോടി. കൂടെ ജോലി ചെയ്യുന്ന ഒരാള്‍ കാമറയുമായി വീണു. ആര്‍ക്കും പരിക്കുകളൊന്നുമില്ല. കേരളത്തില്‍ ഒരുമാസത്തെ ഷൂട്ടാണ് ചാര്‍ട്ട് ചെയ്തിരുന്നത്‌. പകുതിയേ പൂര്‍ത്തിയായിട്ടുള്ളൂ. രണ്ടുദിവസം കൂടിയേ ഇവിടെ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സമാധാനപരമായാണ് ഷൂട്ടിങ് പുരോഗമിച്ചതെന്നും ജോമോന്‍ പറഞ്ഞു.
ഷൂട്ടിങ്ങിനായി അഞ്ച് ആനകളെയാണ് എത്തിച്ചിരുന്നത്. വൈകീട്ട് അഞ്ചുമണിയോടെ ചങ്ങലകള്‍ അഴിച്ചുമാറ്റി ആനകള്‍ റോഡ് കുറുകെ കടക്കുന്ന സീന്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മണികണ്ഠന്‍ എന്ന കൊമ്പന്‍, സാധു എന്ന കൊമ്പനെ കുത്തിയത്. കുത്തേറ്റ സാധു കാട്ടിലേക്ക് ഓടുകയായിരുന്നു.