മോദിയുടെ പേരില്‍ ക്ഷേത്രം പണിത നേതാവ് ബിജെപി വിട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്. ശ്രീ നമോ ഫൗണ്ടേഷന്റെ മായുര്‍ മുണ്ഡെയാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയുടെ വിശ്വസ്ത പ്രവര്‍ത്തകനായി താന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവെന്ന് മായുര്‍ മുണ്ഡെ പറഞ്ഞു.
വിവിധ നിലകളിലായി പാര്‍ട്ടി പ്രവര്‍ത്തനം ആത്മാര്‍ത്ഥമായി ചെയ്തു. എന്നാല്‍ വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരെ ബിജെപി അവഗണിക്കുകയാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് വരുന്നവര്‍ക്കാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്നും മുണ്ഡെ ആരോപിച്ചു.പ്രധാനമന്ത്രിയുടെ ഉറച്ച അനുയായി ആയിരുന്നു താന്‍. അദ്ദേഹത്തിന് വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. എന്നാല്‍ തങ്ങളെപ്പോലെയുള്ള ആളുകള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. അതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുന്നു.
പാര്‍ട്ടിയുടെ എല്ലാ സ്ഥാനമാനങ്ങളും താന്‍ രാജിവെയ്ക്കുകയാണെന്നും മുണ്ഡെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാന, ദേശീയ അധ്യക്ഷന്‍ എന്നിവര്‍ക്ക് മായുര്‍ മുണ്ഡെ രാജിക്കത്ത് നല്‍കി. മറ്റ് പാര്‍ട്ടിയില്‍ നിന്ന് വന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ അവഗണിക്കുന്നു. അവരുടെ അഭിപ്രായങ്ങളെ മാനിക്കുകയോ പാര്‍ട്ടി യോഗങ്ങളിലേക്ക് ക്ഷണിക്കുകയോ ചെയ്യുന്നില്ലെന്നും മുണ്ഡെ കുറ്റപ്പെടുത്തി.