Saturday, October 5, 2024
NationalTop News

ഇനി ഭൂമിക്കടിയിലൂടെ കുതിച്ചുപായാം; മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Spread the love

മഹാരാഷ്‌ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര – സ്പീസ് മെട്രോ ലൈൻ 3 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ആരെ ജെവിഎൽആറിനും ബാന്ദ്ര കുർള കോംപ്ലക്‌സിനും ഇടയിലായി വരുന്ന മുംബൈ മെട്രോ ലൈൻ 3 ന്‍റെ 12.69 കിലോമീറ്റർ ദൂരമുള്ള പാതയാണ് തുറക്കുന്നത്.

മെട്രോ പാതയ്ക്കൊപ്പം മെട്രോ കണക്റ്റ് 3 എന്ന മൊബൈൽ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വർധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ആരെ കോളനി ബികെസി വരെയുള്ള പത്തു സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്നത്. മൊത്തം 260 സര്‍വീസുകളാണ് ഉള്ളത്. രാവിലെ ആറര മുതല്‍ വൈകിട്ട് പതിനൊന്നുമണി വരെയാണ് മെട്രോയുടെ സേവനം. ബികെസിയില്‍ നിന്ന് 30 മിനിറ്റില്‍ താഴെ സമയം കൊണ്ട് 50 രൂപ മാത്രം നല്‍കി ആരിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും.

37000 കോടിയിലധികമാണ് മുംബൈ മെട്രോ റെയില് കോര്‍പറേഷന്‍ ഭൂഗർഭ മെട്രോക്കായി ചിലവഴിച്ചത്. മൊത്തം 56 കിലോമീറ്റര്‍ ഭൂമിയാണ് മെട്രോക്കായി തുരന്നത്. മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന തുരങ്കപാതയുടെ നിര്‍മ്മാണം തുടങ്ങിയത് 2017ൽ ആണ്.