പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് സിപിഐഎം; സ്ഥാനാര്‍ഥികളുടെ പട്ടിക നല്‍കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം
പ്രഖ്യാപനം വരുന്നതിനു മുന്നേ പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ സിപിഐഎം. സ്ഥാനാര്‍ഥികളുടെ പട്ടിക നല്‍കാന്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്താഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രടറിയേറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് ആലോചന.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏറ്റ കനത്ത തോല്‍വിയില്‍ നിന്ന് തിരിച്ചു വരാന്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് സിപിഐഎം രണ്ടു മണ്ഡലങ്ങളിലും ആലോചിക്കുന്നത്. ചേലക്കര സിറ്റിംഗ് മണ്ഡലമാണ്. പാര്‍ട്ടിക്ക് ശക്തമായ സ്വാധീനവും ഉണ്ട്. എന്നാല്‍ കെ രാധാകൃഷ്ണനെ പോലെ ജനകീയനായ ഒരാളെ കണ്ടെത്തുകയാണ് വെല്ലുവിളി. മൂന്നാം സ്ഥാനത്തേക്ക് പോയ പാലക്കാട് പാര്‍ട്ടിക്ക് അഭിമാന പോരാട്ടമാണ്.
രണ്ടു മണ്ഡലങ്ങളിലും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദ്ദേശിക്കാന്‍ ജില്ലാ കമ്മിറ്റികളോട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനും നിര്‍ദ്ദേശം നല്‍കി. വരുന്ന വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമ്പോള്‍ വിഷയം ചര്‍ച്ചയാകും. രണ്ടുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും . അതിനു മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം. കോണ്‍ഗ്രസിലും സ്ഥാനാര്‍ഥികളെ കുറിച്ച് ആലോചന തുടങ്ങിയെന്നാണ് വിവരം.ചേലക്കരയില്‍ മത്സരിക്കാന്‍ രമ്യാ ഹരിദാസ് താത്പര്യമയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മുന്നിലെത്തിയ ബിജെപിയും വലിയ പ്രതീക്ഷയിലാണ്.