വയനാട്ടിൽ ടൗൺഷിപ്പ് രണ്ടിടത്ത് പരിഗണനയിൽ; പരിസ്ഥിതി വകുപ്പിന്‍റെ അനുമതി വേണം, ഗുണഭോക്താക്കളുടെ പട്ടിക ഉടൻ
കല്‍പ്പറ്റ: ടൗണ്‍ഷിപ്പില്‍ പുനരധിവാസം ഒരുക്കേണ്ട മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാൻ ശ്രമം. കള്കടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും ചേർന്നാകും ഗുണഭോഗ്താക്കളെ കണ്ടെത്തുക. നെടുമ്പാല എച്ച്എംഎല്ലിലെ 41 ഹെക്ടർ , കല്‍പ്പറ്റ എല്‍സ്റ്റണിലെ 45 ഹെക്ടർ എന്നിവിടങ്ങളില്‍ ടൗണ്‍ഷിപ്പ് നിർമിക്കാനാണ് ശ്രമം.
നെടുമ്പാല ഹാരിസണ്‍ മലയാളത്തിന്‍റെ എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയില്‍ 41.27 ഹെക്ടർ ഭൂമി ടൗണ്‍ഷിപ്പിന് അനുയോജ്യമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ടൗണ്‍ഷിപ്പിന്‍റെ ഭാഗമായി റോഡും മറ്റ് സ്ഥാപനങ്ങളും ഉള്‍പ്പെടെ നിർമ്മിക്കുന്നത് ഇത്രയും ഭൂമിയിലായിരിക്കും. വീടുകള്‍ നിർമ്മിക്കാൻ ഒരു കുടുംബത്തിന് പത്ത് സെന്‍റ് ഭൂമി നല്‍കിയാല്‍ 20.99 ഹെക്ടറിലായി 550 വീടുകള്‍ ഇവിടെ നിര്‍മിക്കാനാകും എന്നാണ് കണക്ക് കൂട്ടല്‍.
കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ പ്ലാന്‍റേഷനിലെ 78.73 ഹെക്ടർ ഭൂമിയിലെ 45.74 ഹെക്ടർ ഭൂമി ടൗണ്‍ഷിപ്പിനായി സർവെ നടത്തിയെടുത്തിട്ടുണ്ട്. ഇതില്‍ 23 ഹെക്ടർ ഭൂമിയില്‍ ആയി 600 കുടുംബങ്ങള്‍ക്കും വീട് വക്കാനാകും. രണ്ട് പ്ലാന്‍റേഷൻ ഭൂമിയിലും സർവെ ഉള്‍പ്പെടെയുള്ളവ പൂർത്തികരിച്ച് കഴിഞ്ഞു. ജില്ല കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചാണ് നടപടികള്‍ മുന്നോട്ട് പോകുന്നത്.
ആർക്കൊക്കെയാണ് ടൗണ്‍ഷിപ്പില്‍ വീടുകള്‍ നല്‍കേണ്ടതെന്നതിന്‍റെ പ്രാഥമിക പട്ടിക തയ്യാറാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലയില്‍ നിന്ന് തയ്യാറാക്കുന്ന പട്ടിക സർക്കാർ തലത്തിലെ അംഗീകാരത്തോടെ അന്തിമമാക്കും. ആദ്യഘട്ടത്തില്‍ വീട് പൂർണമായും നഷ്ടപ്പെട്ടവരെയാകും ടൗണ്‍ഷിപ്പില്‍ പുനരധിവസിപ്പിക്കുക. രണ്ടാം ഘട്ടത്തില്‍ അപകടകരമായ സ്ഥലത്ത് വീടുള്ളവരെയും പരിഗണിക്കും.
നെടുമ്പാലയിലെ ഹാരിസണ്‍ മലയാളത്തിന്‍റെ ഭൂമി കോട്ടപ്പടി വില്ലേജിലായതിനാല്‍ പരിസ്ഥിതി ലോല പ്രദേശമാകുമെന്നത് കണക്കിലെടുത്ത് പരിസ്ഥിതി വകുപ്പിന്‍റെ അനുമതി തേടുന്നുണ്ട്. അതോടൊപ്പം രണ്ട് ഭൂമിയും ഏറ്റെടുക്കുന്നതിലൂടെ വരുന്ന നിയമപ്രശ്നങ്ങള്‍ പരിഹരിക്കാനും സർക്കാർ വലിയ ശ്രമം നടത്തുകയാണ്. രണ്ടിടത്തും ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി സുരക്ഷിതമെന്ന് വിലയിരുത്തിയിരുന്നു.