ആര്‍എസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപിക്കെതിരെ നടപടിയുണ്ടാകുമോ? നിർണായക അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് കൈമാറും
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച ഡിജിപി ഇന്ന് റിപ്പോർട്ട് സർക്കാരിന് കൈമാറിയേക്കും. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ ചർച്ചയിലെ ന്യായീകരണങ്ങൾ തള്ളുന്നതാണ് ഡിജിപിയുടെ റിപ്പോർട്ടെന്നാണ് സൂചന. സ്വകാര്യ സന്ദർശനമെന്നായിരുന്നു എഡിജിപി യുടെ മൊഴി.
റിപ്പോര്‍ട്ട് ഇന്നലെ കൈമാറാനായി ഡിജിപി തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും പൂർത്തിയായില്ല.പ്രത്യേക സംഘതിലെ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ഏകോപിച്ച് ഡിജിപി നിർദ്ദേശങ്ങൾ കൂടി എഴുതി ചേർത്താണ് സർക്കാരിന് നൽകുന്നത്. എഡിജിപി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കേസുകൾ അട്ടിമറിച്ചുവെന്ന് അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പലതും കഴമ്പില്ലെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക് മുമ്പ് സർക്കാരിന് റിപ്പോർട്ട് കൈമാറാനാണ് സാധ്യത.
അതേസമയം, എഡിജിപിയെ ഇന്ന് തന്നെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭാ ഉപസമിതി യോഗത്തിൽ സിപിഐ കടുത്ത നിലപാടാണ് സ്വീകരിച്ചത്. എഡിജിപിയെ മാറ്റാതെ മുന്നോട്ട് പോകാനാകില്ലെന്നും തിങ്കളാഴ്ചക്കുള്ളിൽ തന്നെ നടപടിയുണ്ടാകണമെന്നും മന്ത്രി കെ രാജൻ യോഗത്തിൽ അറിയിച്ചു.
എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്നാണ് മുഖ്യമന്ത്രി സിപിഐയ്ക്ക് നല്‍കിയ ഉറപ്പെന്നാണ് ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സിപിഐ. ഡിജിപിയുടെ റിപ്പോര്‍ട്ടിനുശേഷം നടപടിയെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളതെന്നാണ് സിപിഐ പറയുന്നത്. ഇതിനാൽ തന്നെ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് ലഭിച്ചാൽ വൈകാതെ തന്നെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.