പ്രായം കുറയ്ക്കും ഇസ്രായേലി യന്ത്രം, വയോധികരെ വഞ്ചിച്ച് പണം തട്ടി ദമ്പതികള്‍
ഇസ്രയേല്‍ നിര്‍മിതമായ ടൈം മെഷീന്‍ ഉപയോഗിച്ച് പ്രായം കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കി വയോധികരില്‍ നിന്ന് 35 കോടി രൂപ തട്ടി ദമ്പതികള്‍. രാജീവ് കുമാര്‍ ഡൂബി, ഭാര്യ രശ്മി ഡൂബി എന്നിവരാണ് തട്ടിപ്പു നടത്തിയത്. മെഷീന്‍ ഉപയോഗിച്ച് 60 വയസ് പ്രായമുള്ളവരെ 25 കാരാക്കും എന്നായിരുന്നു വാഗ്ദാനം. കാണ്‍പൂരില്‍ ആരംഭിച്ച ‘ റിവൈവല്‍ വേള്‍ഡ്’ എന്ന തെറാപ്പി സെന്ററിന്റെ മറവിലായിരുന്നു ഇരുവരുടെയും പ്രവര്‍ത്തനം.
‘ ഓക്‌സിജന്‍ തെറാപ്പി ‘യിലൂടെ പ്രായമായവരില്‍ യുവത്വം തിരിച്ചുകൊണ്ടുവരാം എന്നായിരുന്നു തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇവര്‍ നല്‍കിയ ഉറപ്പ്. 6000 രൂപയുടെ 10 സെഷനുകള്‍ ഉള്‍പ്പെടുന്ന പാക്കേജാണ് ഇവര്‍ വാഗ്ദാനം ചെയ്തിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വായു മലിനീകരണം കാരണമാണ് പെട്ടന്ന് പ്രായമാകുന്നതെന്നും ഓക്‌സിജന്‍ തെറാപ്പി കൊണ്ട് മാസങ്ങള്‍ക്കുള്ളില്‍ പ്രായം കുറയുമെന്നും പറഞ്ഞാണ് ഇവര്‍ ആളുകളെ കബളിപ്പിച്ചത്.
10.75 ലക്ഷം രൂപ കവര്‍ന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് രേണു സിങ് എന്ന വ്യക്തി പരാതി നല്‍കിയതോടെയാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. നൂറ് കണക്കിന് ആളുകള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും 35 കോടിയോളമാണ് ഈ ആളുകളില്‍ നിന്ന് ദമ്പതികള്‍ കവര്‍ന്നതെന്നും രേണു സിങ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കെതിരെയും വഞ്ചനാക്കുറ്റം ചുമത്തിയിട്ടുണ്ട്. ദമ്പതികള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.