ഇസ്രയേൽ രക്തദാഹി, അമേരിക്ക പേപ്പട്ടി’; മുസ്ലീം രാജ്യങ്ങളോട് സംഘടിക്കാൻ ആഹ്വാനം ചെയ്ത് അയത്തുള്ള
ഇസ്രയേലിനെതിരെ നടത്തിയ വ്യോമാക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷയെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി. ടെഹ്റാനിലെ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷമുള്ള പ്രഭാഷണത്തിലാണ് മിസൈൽ ആക്രമണത്തെ ഇറാൻ പരമോന്നത നേതാവ് ന്യായീകരിച്ചത്. ഇസ്രയേൽ രക്തദാഹിയാണെന്നും
അമേരിക്ക പേപ്പട്ടിയാണെന്നും പറഞ്ഞ അദ്ദേഹം മുസ്ലിം രാജ്യങ്ങൾ ഇസ്രയേലിനെതിരെ ഒന്നിച്ചുനിൽക്കണമെന്നും ആഹ്വാനം ചെയ്തു. ഇറാന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ആയത്തുല്ല അലി ഖമനേയി കൂട്ടിച്ചേർത്തു. 5 വർഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്കാരത്തിലായിരുന്നു ഖമെനയി രൂക്ഷ വിമർശനം ഉന്നയിച്ചത്.
ടെഹ്റാനിലെ പള്ളിയിലാണ് അയത്തൊള്ള ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇതിന് മുൻപ് റവല്യൂഷണറി ഗാർഡ്സ് കമ്മാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ 2020 ജനുവരിയിലാണ് അദ്ദേഹം വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയത്.
ഇതിനിടെ ഇറാന് തിരിച്ചടി നൽകുമെന്ന് ഉറച്ച നിലപാടിലാണ് ഇസ്രയേൽ. ഇറാന്റെ എണ്ണ സംഭരണശാലകൾ തകർക്കാൻ ഇസ്രയേലുമായി ചർച്ച നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മിസൈൽശേഖരമാണ് ഇറാന്റേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മൂവായിരത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ കൈവശമുണ്ടെന്നാണ് അമേരിക്ക പറയുന്നത്.