‘ലിംഗനീതി ഉറപ്പാക്കും, വിനോദ മേഖലയിൽ നിയമനിർമാണം പരിഗണനയിൽ’; വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ
വിനോദ മേഖലയിൽ നിയമനിർമാണം പരിഗണനയിലെന്ന് വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ. ലൈംഗികാതിക്രമം ഒഴിവാക്കാൻ ഹേമ കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ ഉൾക്കൊള്ളിക്കുമെന്നും ലിംഗനീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വനിതാ കമ്മീഷൻ പറഞ്ഞു. സിനിമ , സീരിയൽ , നാടകം ഫാഷൻ തുടങ്ങി എല്ലാ മേഖലയിലും ബാധകമാക്കുമെന്നും വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പ്രത്യേക ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ രണ്ട് കേസുകൾ എടുത്തിട്ടുണ്ട് എന്നതടക്കമാണ് സർക്കാർ കോടതിയെ അറിയിക്കുക.
റിട്ട .ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നാല് വർഷത്തിലധികം നടപടി സ്വീകരിക്കാതിരുന്ന സർക്കാർ നിലപാടിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി നേരത്തെ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സമ്പൂർണ്ണ രൂപം ലഭിച്ചതിനു ശേഷം എടുത്ത കേസുകളുടെ എണ്ണം നടപടികൾ എന്നിവ പ്രത്യേക അന്വേഷണ സംഘം സർക്കാരിനു കൈമാറുകയും ,സർക്കാർ ഇക്കാര്യം ഡിവിഷൻ ബഞ്ചിൽ സമർപ്പിക്കണമെന്നുമായിരുന്നു നിർദേശം.