ദേവകുമാറിൻ്റെ മകൻ പറഞ്ഞിട്ടാണോ ദേശീയ മാധ്യമത്തിന് മുഖ്യമന്ത്രി അഭിമുഖം കൊടുക്കേണ്ടത്? എങ്കിൽ പിആർഡി പിരിച്ചുവിടണം; വിഡി സതീശൻ
കേരളത്തിന്റെ മുഖ്യമന്ത്രി ദേശീയമാധ്യമത്തിന് അഭിമുഖം കൊടുക്കുന്നത് ടികെ ദേവകുമാറിന്റെ മകൻ പറഞ്ഞിട്ടാണോ എങ്കിൽ പിന്നെ എന്തിനാണ് പിആർഡി, അത് പിരിച്ചുവിടൂവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കൈസണായും റിലയൻസുമായും ബന്ധമുള്ള ഒരു ചെറുപ്പക്കാരൻ മുഖേനയാണോ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്റർവ്യൂ കൊടുക്കുന്നത്. മുഖ്യമന്ത്രി ഇന്റർവ്യൂ കൊടുക്കുമ്പോൾ ഏതോ ഒരാൾ കയറിവന്നിരിക്കുകയാണെന്ന് ഇതൊക്കെ ആരാണ് വിശ്വസിക്കുന്നത് മിസ്റ്റർ പിണറായി വിജയൻ. ഇതൊന്നും ഒരാളും വിശ്വസിക്കില്ല. മുഖ്യമന്ത്രി പറയാത്ത കാര്യമാണ് എഴുതികൊടുത്തിട്ടുള്ളതെങ്കിൽ അങ്ങിനെയൊരു ഏജൻസിയുമായി അദ്ദേഹത്തിന് ഒരു ബന്ധവും ഇല്ല എന്നുണ്ടെങ്കിൽ ദി ഹിന്ദുവിനെതിരെ നിങ്ങൾ കേസുകൊടുക്കുമോ? വിഡി സതീശൻ ചോദിച്ചു.
മുഖ്യമന്ത്രി ഇന്റർവ്യൂ കൊടുക്കുമ്പോൾ പരിചയമില്ലാത്ത ആരെങ്കിലും കേറി വരുമോ? ഒരു ഇന്റർനാഷണൽ ഏജൻസിയുടെ ആൾ നേരത്തെ അറിയിക്കാതെ കടന്ന് വരും എന്ന് കരുതുന്നില്ല ഇതൊന്നും ആരും വിശ്വസിക്കില്ല. പത്രസമ്മേളനത്തിന് ഇടക്കിടക്ക് ഹാ ഹാ ഹാ എന്ന് പറഞ്ഞിട്ട് കാര്യമില്ല. സെപ്റ്റംബർ 13ന് മറ്റൊരു പി ആർ ഏജൻസി സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഡൽഹിയിലെ മുഴുവൻ മാധ്യമങ്ങൾക്കും ഒരു റിപ്പോർട്ട് നൽകിയിട്ടുണ്ട്, ഇതിന് ശേഷമാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ഇതെല്ലാം ഒരു സ്ഥലത്ത് തയ്യാറാക്കിയതാണ്. സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പാക്കാൻ വേണ്ടിയുള്ള നരെറ്റീവ് ആണ് ഇതൊക്കെയെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
അവർക്കും ഒരു പത്രം ഉണ്ടല്ലോ ദേശാഭിമാനി,അതിൽ ഹിന്ദുവിന്റെ വിശദീകരണം പോലുമില്ല. മാധ്യമങ്ങളുടെ മേക്കിട്ട് കേറൽ മുഖ്യമന്ത്രിയുടെ പതിവ് രീതിയാണ്. എഡിജിപിയുടെ പ്രധാന ജോലി സംഘപരിവാറുമായുള്ള കോർഡിനേഷൻ ആണ് അതുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ സംരക്ഷിക്കുന്നത് സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.