KeralaTop News

‘അന്‍വര്‍ എന്തിന് നിയമസഭയില്‍ നിലത്തിരിക്കണം? 250 പേര്‍ക്ക് ഇരിക്കാന്‍ ഇരിപ്പടമുണ്ട്’; സ്പീക്കര്‍ എ എന്‍ ഷംസീര്‍

Spread the love

നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ പി വി അന്‍വറിന്റെ സ്ഥാനം മാറ്റം ഉള്‍പ്പെടെയുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മുഖ്യമന്ത്രിക്കെതിരെ ഉള്‍പ്പെടെ ചോദ്യങ്ങളുന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ അന്‍വറിന് നിലത്തിരിക്കേണ്ടി വരുമെന്ന ആക്ഷേപത്തെ സ്പീക്കര്‍ ചിരിച്ചുതള്ളി. സഭയില്‍ 250 പേര്‍ക്ക് ഇരിക്കാന്‍ ഇരിപ്പടമുണ്ടെന്ന് കരുതുന്നു, അപ്പോള്‍ എന്തിന് നിലത്തിരിക്കണമെന്നാണ് സ്പീക്കര്‍ ചോദിച്ചത്. അന്‍വര്‍ വിഷയത്തില്‍ ആരെങ്കിലും കത്ത് തന്നാല്‍ വിഷയം അപ്പോള്‍ പരിശോധിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.

അന്‍വറിന്റെ ആരോപണങ്ങളിലും ദി ഹിന്ദു പത്രത്തിലെ അഭിമുഖ വിവാദത്തിലും മുഖ്യമന്ത്രിയെ പിന്തുണക്കുന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയേയോ ഏതെങ്കിലും മതവിഭാഗത്തേയോ മനപൂര്‍വം ടാര്‍ജെറ്റ് ചെയ്യുന്നതായി വിശ്വസിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭയില്‍ ഏതെങ്കിലും ചോദ്യങ്ങള്‍ മനപൂര്‍വം ഒഴിവാക്കിയിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കും. എല്ലാ ചോദ്യങ്ങളും സഭക്കകത്ത് വരാന്‍ കഴിയില്ല. മനപ്പൂര്‍വം നക്ഷത്ര ചിഹ്നം ഒഴിവാക്കുമെന്ന് പ്രതിപക്ഷ നേതാവിനും അഭിപ്രായമുണ്ടെന്നു തോന്നുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

നാളെ ആരംഭിക്കുന്നത് 12-ാം സമ്മേളനമാണ്. നാളെ വയനാട്, കോഴിക്കോട് ജില്ലകളില്‍ നടന്ന പ്രകൃതിദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ പിരിയും. പിന്നീടുള്ള എട്ടില്‍ ആറു ദിവസം ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കും അടുത്ത രണ്ടുദിവസങ്ങള്‍ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായി നീക്കിവെച്ചു. ഒക്ടോബര്‍ 18ന് സഭ സെഷന്‍ പൂര്‍ത്തീകരിച്ച് അവസാനിപ്പിക്കും.