‘എഡിജിപിയേയും പി.ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടി; അഭിമുഖത്തിൻ്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിന്’; പിവി അൻവർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം തുടർന്ന് പിവി അൻവർ എംഎൽഎ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് അൻവർ ആരോപിച്ചു. പി.ആർ ഏജൻസിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിൽ എനിക്ക് സംശയമില്ലെന്ന് അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്ന് പിവി അൻവർ പറഞ്ഞു. അഭിമുഖം തെറ്റാണെങ്കിൽ എന്ത് കൊണ്ട് ഹിന്ദുവിനെതിരെ പരാതി കൊടുക്കുന്നില്ലെന്ന് അൻവർ ചോദിച്ചു. അഭിമുഖത്തിൻ്റെ റെക്കോർഡ് പുറത്ത് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ജില്ലയെ അപരവത്കരിക്കാൻ ശ്രമമെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും പി.വി അൻവർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം റിയാസിനോ വീണയ്ക്കോ നൽകണം. വിദ്യാഭ്യാസമുണ്ടല്ലോ, എങ്ങനെയെങ്കിലും പാർട്ടി ജയിപ്പിച്ചെടുക്കും. എങ്ങനെയെങ്കിലും പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടട്ടേയെന്ന് അൻവർ പരിഹസിച്ചു.
എഡിജിപിയേയും പി.ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടിയാണെന്ന് അൻവർ ആരോപിച്ചു. പാർട്ടി മുഖ്യമന്ത്രിയെ പേടിക്കുന്നത് എന്തിനാണെന്ന് അൻവർ ചോദിച്ചു. പാർട്ടിയിൽ പി ആർ വിഷയത്തിൽ 40 അഭിപ്രായം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആർ എസ് എസ് ഏറ്റവും മഹത്തരമായ സംഘടനയാണ് എന്ന് പറഞ്ഞത് കേരള സ്പീക്കറാണ്. കണ്ണൂരിലെ ജനങ്ങൾ അതിന് മറുപടി നൽകണമെന്ന് അൻവർ പറഞ്ഞു.
തൻ്റെ നിലമ്പൂരിലെ പൊതുയോഗത്തിലേക്ക് ഇരട്ടി ആളുകൾ വരുമായിരുന്നു. അവരെ തടയുകയായിരുന്നെന്ന് അൻവർ ആരോപിച്ചു. രാഷ്ട്രീയ പാർട്ടിയുടെ നയം മഞ്ചേരിയിൽ പറയുമെന്ന് അൻവർ വ്യക്തമാക്കി. ജനങ്ങളുമായി രാഷ്ട്രീയ നയം പങ്കുവെക്കും. പുതിയ പാർട്ടിയെ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റു പാർട്ടികളിലെ പല നേതാക്കളും ബന്ധപ്പെട്ടു. പാർട്ടിയുടെ പേര് ഞായറാഴ്ച്ച പറയും. ഭാവിയിൽ കൂടെ നിൽക്കാമെന്ന് പല നേതാക്കളും പറഞ്ഞതായി അൻവർ പറഞ്ഞു.
കെടി ജലീലിനെയും അൻവർ വിമർശിച്ചു. കെ.ടി ജലീൽ മറ്റാരുടേയോ കാലിൽ ആണ് നിൽക്കുന്നത്. അദ്ദേഹത്തിന് അത്രയേ പറ്റൂ. കാര്യങ്ങൾ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ട്. ഒരാളുടേയും പിന്തുണ തേടിയിട്ടില്ലെന്ന് അൻവർ വ്യക്തമാക്കി. ആളുകളുടെ മനസ് തനിയ്ക്കൊപ്പമുണ്ട്. തന്നെ കാണാൻ വന്ന നിലമ്പൂർ ആയിഷയുടെ മനസ് എവിടെയെന്ന് അറിയാം. മാറ്റി പറയിപ്പിക്കാമല്ലോയെന്ന് അൻവർ പറഞ്ഞു.