KeralaTop News

‘മുഖ്യമന്ത്രി ബിജെപിക്ക് വെള്ളവും വളവും ഒഴിച്ചുകൊടുക്കുന്നു, കേരളത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമാക്കുന്നു’; പി കെ കുഞ്ഞാലിക്കുട്ടി

Spread the love

കേരളത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമായി ചിത്രീകരിക്കാൻ ബിജെപി കാലങ്ങളായി ശ്രമിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോൾ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലും ഇത് തന്നെയാണുണ്ടായത്. ബിജെപിക്ക് വെള്ളവും വളവും ഒഴിച്ചുകൊടുക്കാൻ കഴിയുന്ന ഒന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചില പൊലീസ് ഉദ്യോഗസ്ഥരും മലപ്പുറം കേന്ദ്രീകരിച്ച് ഇത്തരം കുൽസിത പ്രവർത്തനം നടത്തുന്നു. മുഖ്യമന്ത്രി പറയുന്നത് ബിജെപി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ‘ദ ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നു.താൻ ഏതെങ്കിലും ജില്ലയെയോ വിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. തന്റെ പൊതുപ്രവർത്തന ജീവിതത്തിൽ അങ്ങനെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എംഎല്‍എ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ല. ഞാനോ സർക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജൻസിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തിൽ വിശദീകരണം നൽകി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. പിആർ ഏജൻസിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിരുന്നില്ല. പത്രത്തിന്റെ വിശദീകരണം തള്ളിപ്പറയാൻ തയ്യാറാവാത്തതിൽ സിപിഐ ഉൾപ്പെടെ മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.