മധ്യ ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു; കരയുദ്ധത്തിനു പകരം വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍
മധ്യ ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. പതിനാല് പേര്‍ക്ക് പരിക്കേറ്റു. കരയുദ്ധത്തില്‍ എട്ട് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തെക്കന്‍ ലെബനനില്‍ കരയുദ്ധം നിര്‍ത്തിവച്ച് വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍. ആക്രമണത്തില്‍ ഒരു ലെബനീസ് സൈനികന്‍ കൊല്ലപ്പെട്ടു.
സിറിയന്‍ തലസ്ഥാനമായ ദമാസ്‌ക്കസില്‍ നടന്ന ഇസ്രയേലി ആക്രമണങ്ങളില്‍ ഇറാന്‍ സൈന്യത്തിലെ ഒരു കണ്‍സള്‍ട്ടന്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഗസ്സയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 99 പേര്‍ കൊല്ലപ്പെട്ടു. 169 പേര്‍ക്ക് പരിക്കേറ്റു. മൂന്നു മാസങ്ങള്‍ക്കു മുമ്പ് നടന്ന വ്യോമാക്രമണത്തില്‍ മൂന്ന് മുതിര്‍ന്ന ഹമാസ് നേതാക്കളെ വധിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.
തെക്കന്‍ ലെബനനിലെ 25 സ്ഥലങ്ങളില്‍ നിന്നും അടിയന്തരമായി ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കന്‍ ലെബനനിലെ ഏറ്റവും വലിയ നഗരമായ നബാത്തിയും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട നഗരങ്ങളില്‍ ഉള്‍പ്പെടുന്നു. അതിനിടെ, പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച നടത്തി. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.