KeralaTop News

‘അൻവറിന്റെ ആക്ഷേപങ്ങൾ അവജ്ഞതയോടെ തള്ളികളയുന്നു; പ്രകോപിതനായി മറുപടി പറയാൻ ഇല്ല’; മുഖ്യമന്ത്രി

Spread the love

പിവി അൻവറിന്റെ ആക്ഷേപങ്ങൾ അവജ്ഞതയോടെ തള്ളികളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ തുടങ്ങിയപ്പോൾ തന്നെ നിങ്ങൾക്കെല്ലാം മനസ്സിലായില്ലേയെന്നും തങ്ങൾക്കും ഒരു ധാരണയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ പറഞ്ഞ പരാതിയിൽ ഒരു ​ഗൗരവക്കുറവും കാണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അൻവറിൻ്റേത് സ്വാഭാവികമായ പരിണാമം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പറയുന്നു. അതും വരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അൻവറിനെതിരെ പ്രകോപിതനായി മറുപടി പറയാൻ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാദ അഭിമുഖത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് അൻവറിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാവരുടെയും പുറകെ പോയി ഉള്ള രീതി അൻവറിൻ്റെതാണ് അതൊരു നല്ല മാർഗമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഓഫീസിലുള്ളവർ അത്തരക്കാരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങളുമായി അൻവർ രം​ഗത്തെത്തിയിരുന്നു. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ പൂർണ ഉത്തരവാ​ദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് അൻവർ ആരോപിച്ചു. പി.ആർ ഏജൻസിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിൽ തനിക്ക് സംശയമില്ലെന്നും അൻവർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്ന് പിവി അൻവർ പറഞ്ഞു. അഭിമുഖം തെറ്റാണെങ്കിൽ എന്ത് കൊണ്ട് ഹിന്ദുവിനെതിരെ പരാതി കൊടുക്കുന്നില്ലെന്ന് അൻവർ ചോദിച്ചിരുന്നു.