ടിഎംഎച്ച് ആശുപത്രി അധികൃതരെ കേസിൽ പ്രതി ചേർക്കും
കോഴിക്കോട് കോട്ടക്കടവിൽ വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ ടിഎംഎച്ച് ആശുപത്രി അധികൃതരെയും പ്രതിചേർക്കും. അബു അബ്രഹാം ലൂക്ക് നാലര വർഷമാണ് കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ രോഗികളെ ചികിത്സിച്ചത്. ഇതുവരെയും ഈ വ്യാജനെ ആരും തിരിച്ചറിഞ്ഞില്ല. ഒടുവിൽ ഒരാളുടെ ജീവൻ ബലി നൽകേണ്ടിവന്നു സംഭവം പുറത്തറിയാൻ. വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പണി നൽകിയ ആശുപത്രിക്കും പണി വരുന്നത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിൽ ഫറൂഖ് പൊലീസ് ഇന്നലെ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. പ്രതിയായ അബു അബ്രഹാം ലൂക്ക് നൽകിയ മുഴുവൻ രേഖകളും പൊലീസ് പിടിച്ചെടുത്തു. നിയമനത്തിൽ ആശുപത്രിക്ക് വീഴ്ച വന്നെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ ആശുപത്രി അധികൃതരെയും കേസിൽ പ്രതി ചേർക്കും. ആരോഗ്യവകുപ്പിന്റെ നടപടിയും ആശുപത്രിക്കെതിരെയും വ്യാജ ഡോക്ടർക്കെതിരെയും ഉണ്ടാകും.
ആർഎംഒയെ നിയമിക്കാൻ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ മറ്റൊരാളുടെ റഫറൻസിലൂടെയാണ് അബു ലൂക്ക് എത്തുന്നത്. അബു പി.സേവ്യർ എന്നയാളുടെ പേരിലായിരുന്നു റജിസ്റ്റർ നമ്പർ. ഇക്കാര്യം ചോദിച്ചപ്പോൾ തനിക്ക് ഇരട്ടപ്പേര് ഉണ്ടെന്നാണ് കോട്ടക്കടവ് ആശുപത്രി അധികൃതരോടു പറഞ്ഞത്.
ഇയാൾ മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിലായി 6 ആശുപത്രികളിൽ ജോലി ചെയ്തതായി വിവരമുണ്ട്. മുൻപു ജോലി ചെയ്തയിടങ്ങളിൽ അന്വേഷിച്ചപ്പോൾ ഇയാളെക്കുറിച്ച് മികച്ച അഭിപ്രായം ആയിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞ 23 നാണ് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ ടിഎംഎച്ച് ആശുപത്രിയിൽ വെച്ച് നെഞ്ചുവേദനയെ തുടർന്ന് മരിക്കുന്നത്. വിനോദ് കുമാറിന്റെ മകൻ പി.അശ്വിനും മരുമകൾ മാളവികയും ഛണ്ഡിഗഡിലാണു ജോലി ചെയ്യുന്നത്. കഴിഞ്ഞ 27നു ബന്ധുവിനെ ചികിത്സിക്കാൻ മാളവിക ഇതേ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ വച്ചാണു ഡോക്ടർ അബു ഏബ്രഹാം ലൂക്ക് എന്ന പേരു കണ്ടതും സംശയം തോന്നിയതും. മാളവികയുടെ സീനിയറായി പഠിച്ച അബു ഏബ്രഹാം ലൂക്ക് തന്നെയാണോ ഇതെന്നായിരുന്നു സംശയം. സീനിയറായി പഠിച്ച അബു പഠനം പൂർത്തിയാക്കാതെ കോളജ് വിട്ടിരുന്നു. തുടരന്വേഷണത്തിലാണ് അതേ ആളാണു വർഷങ്ങളായി ചികിത്സ നടത്തുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇതോടെയാണു കുടുംബം പൊലീസിൽ പരാതി നൽകിയത്.