KeralaTop News

എസ്എടി ആശുപത്രിയിലെ വൈദ്യുതി വിതരണത്തിലെ വീഴ്ച; പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി

Spread the love

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി വിതരണത്തിൽ വീഴ്ച ഉണ്ടായ സംഭവത്തില്‍ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. തിരുവനന്തപുരം സബ് ഡിവിഷനിലെ ഓവർസിയറെയേയും അസി. എഞ്ചിനീയറെയും സസ്പെൻഡ് ചെയ്തു. അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കെതിരെയും നടപടി ഉണ്ടാകും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇവർക്ക് വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. കൂടുതൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയിലാണ് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ ഗുരുതര അനാസ്ഥ ഉണ്ടായത്. മൂന്ന് മണിക്കൂറിലേറെ നേരമാണ് കുഞ്ഞുങ്ങളും അമ്മമാരും കനത്ത ഇരുട്ടിൽ കഴിഞ്ഞത്. ഡോക്ടർമാർ ടോർച്ച് വെളിച്ചത്തിലായിരുന്നു രോഗികളെ നോക്കിയത്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അത്യാഹിത വിഭാഗം അടക്കമുള്ള പ്രധാനപ്പെട്ട ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ തയ്യാറാക്കുന്നതിലാണ് വിവിധ വിഭാഗങ്ങൾക്ക് വീഴ്ചയുണ്ടായത്. സംഭവത്തില്‍ ആരോഗ്യമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.