കാണ്‍പൂരില്‍ അഞ്ചാം ദിനം വിജയത്തിലേക്ക് പന്തെറിയാന്‍ ഇന്ത്യ; കാലാവസ്ഥ റിപ്പോര്‍ട്ട്
കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന ദിനം വിജയത്തിലേക്ക് പന്തെറിയാന്‍ ഇന്ത്യ. 52 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം 26-2 എന്ന സ്കോറിലാണ് ക്രീസ് വിട്ടത്. അവസാന ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ എട്ട് വിക്കറ്റ് കൈയിലിരിക്കെ ബംഗ്ലാദേശിന് ഇനിയും 26 റണ്‍സ് കൂടി വേണം.
മഴമാറി തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ അവസാന ദിനം ഇന്ത്യ വിജയപ്രതീക്ഷയിലാണ്. സ്പിന്നിന് അനുകൂലമാകുമെന്ന് കരുതുന്ന പിച്ചില്‍ ആര് അശ്വിനിലും രവീന്ദ്ര ജഡേജയിലുമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. പന്ത് പലപ്പോഴും മുട്ടിന് താഴെ മാത്രം ഉയരുന്ന പിച്ചില്‍ പിച്ചില്‍ ജസ്പ്രീത് ബുമ്രക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ടാകും.
അതേസമയം, ആദ്യ ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറിയുമായി പൊരുതി മൊനിമുള്‍ ഹഖിന്റെ ബാറ്റിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. സീനിയര്‍ താരങ്ങളായ മുഷ്ഫീഖുര്‍ റഹീമും ഷാക്കിബ് അല്‍ ഹസനും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ സമനിലയെങ്കിലും നേടാമെന്ന പ്രതീക്ഷ ബംഗ്ലാദേശിനുമുണ്ട്.
നാലാം ദിനം ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 233 റണ്‍സില്‍ അവസാനിപ്പിച്ച് ടി20യെ വെല്ലുന്ന രീതിയില്‍ അതിവേഗം റണ്‍സടിച്ചാണ് ഇന്ത്യ ലീഡെടുത്തത്. രണ്ട് ദിവസം കളി പൂര്‍ണമായും നഷ്ടമായതിനാല്‍ ഇന്നും ഓരോ സെഷനിലും 15മിനിറ്റ് വീതം അധികം അനുവദിച്ചിട്ടുണ്ട്. 90 ഓവറിന് പകരം ഇന്ന് 98 ഓവര്‍ പന്തെറിയാനും കഴിയും. ആദ്യ സെഷന് 9.30 മുതല്‍ 11.45 വരെയും രണ്ടാം സെഷന് 12.25 മുതല്‍ 2.40 വരെയും മൂന്നാം സെഷന് മൂന്ന് മുതല്‍ അഞ്ച് വരെയും ആയിരിക്കും. നാലാം ദിനമായ ഇന്നലെയും 98 ഓവര്‍ പന്തെറിഞ്ഞിരുന്നു.