NationalTop News

അമ്പലമോ ദര്‍ഗയോ എന്നതല്ല, പൊതുസുരക്ഷയാണ് പ്രധാനമെന്ന് സുപ്രീം കോടതി: ബുള്‍ഡോസര്‍ നടപടിയുടെ വിലക്ക് നീട്ടി

Spread the love

അമ്പലമോ ദര്‍ഗയോ എന്നതല്ല പൊതുസുരക്ഷയാണ് പ്രധാമെന്നും അതിനാല്‍ തന്നെ റോഡുകളിലെയും റെയില്‍വേ ട്രാക്കുകളിലെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി. കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ അകപ്പെടുന്നവരുടെ വീടുകള്‍ക്ക് നേരെ ബുള്‍ഡോസര്‍ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരത്തില്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന് വിലക്ക് നീട്ടിക്കൊണ്ട് പരമോന്നത കോടതി ഉത്തരവിട്ടു.

ഇന്ത്യ മതേതര രാജ്യമാണെന്നും കയ്യേറ്റങ്ങള്‍ക്കെതിരെയും കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികള്‍ മതം പരിഗണിക്കാതെ ആയിരിക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഒരു കേസില്‍ പ്രതിയാക്കപ്പെട്ടാല്‍ തന്നെ വീടുകള്‍ തകര്‍ക്കുന്ന സ്ഥിതി നിലവിലുണ്ടോ എന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി കേസ് ഹാജരായ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസുമാരായ ആര്‍എസ് ഗവായിയും വിശ്വനാഥനും ചോദിച്ചു. ഈ ആരോപണം തെറ്റാണെന്ന് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് മറുപടി നല്‍കി. എന്നാല്‍ ബുള്‍ഡോസര്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് നടപടിക്ക് വിധേയനാകുന്ന ആള്‍ക്ക് പകരം സംവിധാനം കണ്ടെത്താന്‍ ആവശ്യമായ സമയം നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.