KeralaTop News

എഡിജിപി അജിത് കുമാറിനെ മാറ്റുമോ? ഡിജിപിയുടെ റിപ്പോർട്ട് സർക്കാറിന് കൈമാറുന്നത് വൈകില്ല, കടുപ്പിച്ച് സിപിഐയും

Spread the love

തിരുവനന്തപുരം : നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ എഡിജിപി എംആർ അജിത് കുമാറിനെ മാറ്റുമോ എന്നതിൽ ആകാംക്ഷ മുറുകുന്നു. അജിത് കുമാർ ഉൾപ്പെട്ട വിവാദത്തിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്നോ നാളെയെ സർക്കാറിന് കൈമാറും. മാറ്റണമെന്ന നിലപാടിൽ ഏതറ്റം വരെയും പോകാൻ സിപിഐ ഉറച്ചുനിൽക്കെ മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാണ്.

ആരോപണക്കൊടുങ്കാറ്റുകൾ പലത് ആഞ്ഞുവീശിയിട്ടും എഡിജിപിയെ ഇതുവരെ മുഖ്യമന്ത്രി കൈവിട്ടിട്ടില്ല. ഈയാഴ്ച നിർണ്ണായകമാണ്. മൂന്നിന് കാബിനറ്റ് യോഗമുണ്ട്. നാലുമുതൽ നിയമസഭാ സമ്മേളനം നടക്കും. അജിത് കുമാറിനെ എഡിജിപി സ്ഥാനത്തിരുത്തി സഭയിലേക്ക് പോകാനില്ലെന്ന നിലയിലേക്ക് സിപിഐ എത്തിക്കഴിഞ്ഞു. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു ഇതുവരെയുള്ള മുഖ്യമന്ത്രിയുടെ വാദം. അൻവറിൻറെ പരാതികളിൽ ഡിജിപി തല അന്വേഷണത്തിൻറെ കാലാവധി മൂന്നിനാണ് തീരുന്നത്.

മരം മുറി, ഫോൺ ചോർത്തൽ, മാമി തിരോധാനം അടക്കമുള്ള ആരോപണങ്ങളിൽ എന്താകും റിപ്പോർട്ട് എന്നാണ് ആകാംക്ഷ. ഒപ്പം ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിയുടെ മൊഴിയെടുത്തു. പക്ഷെ ആർഎസ്എസ് നേതാക്കളുടെ മൊഴി എടുത്തിട്ടില്ല. സ്വകാര്യ സന്ദർശനമെന്ന അജിത് കുമാറിൻറെ വിശദീകരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് റിപ്പോർട്ട് കൊടുത്താൽ തന്നെ നടപടി ഉറപ്പ്. അനധികൃത സ്വത്ത് സമ്പാദനകേസിൽ വിജിലൻസ് അന്വേഷണത്തിന് ആറുമാസത്തെ സമയമുണ്ട്. പൂരം കലക്കലിൽ അന്വേഷണം തുടങ്ങുന്നതേയുള്ളൂ. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അല്ലാതെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെ കൂടി ചേർത്ത് പൊതുമാറ്റം എന്ന നിലക്കും അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാം. പക്ഷെ വിശ്വസ്തനെ കൈവിടണോ വേണ്ടയോ എന്നതിൽ പിണറായി വിജയൻറേതാണ് അവസാന തീരുമാനം. അൻവർ വിട്ടുപോയ സ്ഥിതിക്ക് അജിതിനെതിരായ നടപടി വെറും സ്ഥാനചലനത്തിൽ ഒതുക്കി സിപിഐയുടെ രോഷം തണുപ്പിക്കാനും സാധ്യതയേറെ. സഭാ സമ്മേളനത്തിന് മുമ്പും മാറ്റിയില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് പോകാനാണ് സിപിഐ നീക്കം.