ശക്തമായ മഴ; കോസി നദിയിലെ ജലനിരപ്പ് ഉയർന്നു, ബീഹാറിൽ ജാഗ്രതാ നിർദ്ദേശം
ബീഹാറിലെ കനത്ത മഴയെ തുടർന്നാണ് കോസി, ബാഗ്മതി നദികൾ കരകവിഞ്ഞൊഴുകുന്നത്. നദിയിലെ ജലനിരപ്പ് അപകടമാവുന്ന രീതിയിൽ ഉയർന്നതോടെ ബീഹാറിലെ വടക്ക് കിഴക്കൻ ജില്ലകൾ വെള്ളത്തിലായി.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ ആറ് അണക്കെട്ടുകൾ തകർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംസ്ഥാന ജലവിഭവ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു.വരുന്ന മണിക്കൂറിൽ ജലനിരപ്പ് കുറയും എന്നാണ് വിലയിരുത്തൽ. ബീഹാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പല പ്രദേശങ്ങളിലും കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 16 ലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിട്ടുള്ളത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻ ഡി ആർ എഫിന്റെ മൂന്ന് സംഘങ്ങൾ കൂടി ബീഹാറിൽ എത്തിയിട്ടുണ്ട്.