“ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തു”: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ സുപ്രിം കോടതി
മതവും രാഷ്‌ട്രീയവും കൂട്ടിക്കലർത്തരുതെന്ന് സുപ്രിം കോടതി. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് സുപ്രിംകോടതിയിലെത്തിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ വിമർശനം. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഹർജി.
ചന്ദ്രബാബു നായിഡുവിനെയും സുപ്രിം കോടതി വിമർശിച്ചു. ലഡ്ഡുവിൽ മായം ചേർത്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പരിശോധിച്ച നെയ്യുടെ സാമ്പിൾ ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിച്ചിട്ടില്ല. പിന്നെ എന്തിനാണ് മാധ്യമങ്ങൾക്ക് മുന്നിൽ ചന്ദ്രബാബു നായിഡു ആരോപണം ഉന്നയിച്ചതെന്ന് കോടതി ചോദിച്ചു.
പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചത് എന്തിനെന്നും കോടതി ചോദിച്ചു. അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വരുന്നതിന് മുൻപ് തന്നെ ലഡ്ഡുവിൽ മായം കലർന്നെന്ന് മുഖ്യമന്ത്രി പറയുന്നു. കേസ് പ്രത്യേകസംഘം അന്വേഷിക്കണമോ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമോ എന്ന് സർക്കാർ കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു.