അതീവ മാരകം, മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് റുവാണ്ടയിൽ ആറ് ആരോഗ്യ പ്രവർത്തകർ മരിച്ചു
കിഗാലി: ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് ആറു പേര്‍ മരിച്ചു. മരിച്ചവർ ആരോഗ്യ പ്രവര്‍ത്തകരാണ്. വെള്ളിയാഴ്ച മുതല്‍ ഇതുവരെ രാജ്യത്ത് 20 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി സബിൻ നാൻസിമാന അറിയിച്ചു. എബോളയ്ക്ക് സമാനമായ അതീവ മാരകമായ വൈറസാണിത്.
വൈറസ് ബാധിച്ച് മരിച്ചത് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരാണ്. മരണ നിരക്ക് കൂടുതലാണ് ഈ രോഗത്തിന്. 88 ശതമാനമാണ് മരണ നിരക്ക്. മൃഗങ്ങളില്‍ നിന്നാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. പ്രധാനമായും പഴംതീനി വവ്വാലുകളാണ് വൈറസ് വാഹകരെന്നാണ് റിപ്പോർട്ട്. രോഗബാധിതരുടെ ശരീര സ്രവവുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത്.
1967 ൽ ജർമ്മനിയിലെ മാർബർഗിലും ഫ്രാങ്ക്ഫർട്ടിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് ആദ്യം ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിവ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. 2008ൽ ഉഗാണ്ടയിലെ ഒരു ഗുഹ സന്ദർശിച്ച സഞ്ചാരികൾക്കാണ് രോഗബാധയുണ്ടായത്.
കടുത്ത പനി, ശരീര വേദന, ഛര്‍ദ്ദി, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, പേശീവേദന, തലവേദന, മസ്തിഷ്കജ്വരം, നാഡീ വ്യവസ്ഥയുടെ സ്തംഭനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം തുടങ്ങിയവയെല്ലാമാണ് മാര്‍ബര്‍ഗ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ. വൈറസ് ശരീരത്തിനുള്ളിൽ എത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രകടമാകും. രോഗം പിടിപെടാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങൾ സ്വീകരിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക എന്നത് തന്നെയാണ് പ്രധാന പ്രതിരോധ മാർഗ്ഗം.