KeralaTop News

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

Spread the love

തിരുവനന്തപുരം മൃഗശാലയിൽ നിന്നും വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് ചാടിപ്പോയത്. കുരങ്ങുകൾ മൃഗശാല പരിസരത്തെ മരത്തിനു മുകളിൽ ഉണ്ടെന്ന് അധികൃതർ പറയുന്നു. കുരങ്ങുകളെ തത്കാലം പ്രകോപിപ്പിക്കാതെ തിരികെ എത്തിക്കാൻ മൃഗശാല അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് മൃഗശാല അധികൃതരെ നട്ടം തിരിച്ച ഹനുമാൻ കുരങ്ങിന് പിന്നാലെയാണ് ഇപ്പോൾ പെൺകുരങ്ങുകൾ കൂടി ഇന്ന് രാവിലെ ചാടിപ്പോയത്.

എന്നാൽ മയക്കുവെടി വെച്ചാൽ മരത്തിൽ നിന്ന് താഴെ വീണ് കുരങ്ങുകൾക്ക് ജീവഹാനി ഉണ്ടായേക്കുമെന്നതിനാൽ ഈ മാർഗം നിലവിൽ അധികൃതർ ആലോചിക്കുന്നില്ല. തീറ്റ ഇട്ട് ആകർഷിക്കാനുള്ള ശ്രമങ്ങൾ മൃഗശാലയിൽ നിന്ന് തന്നെ തുടരുകയാണ്.

അതേസമയം, സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിന്‍റെ ട്രയൽ നടത്തുന്നതിനിടെയായിരുന്നു നേരത്തെ ഹനുമാൻ കുരങ്ങ് ചാടിപ്പോയ സംഭവം ഉണ്ടായത്. ക്വാറൻ്റീനിൽ പാർപ്പിച്ചിരുന്ന കൂട്ടിൽ നിന്നും സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിനിടയിൽ കുരങ്ങ് ഞൊടിയിടയിൽ കടന്നുകളയുകയായിരുന്നു. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കിൽ നിന്ന് എത്തിച്ചവയായിരുന്നു ഇത്.