മുഖ്യമന്ത്രി കള്ളനാക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങി, പടച്ചോന്‍ ഒപ്പം നിന്നു, സ്വര്‍ണക്കടത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…’: പി വി അന്‍വര്‍
മുഖ്യമന്ത്രിയ്‌ക്കെതിരെ ഉള്‍പ്പെടെ നടത്തിയ അതിരുകടന്ന വിമര്‍ശനങ്ങള്‍ക്ക് ശേഷം നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വന്‍ജനാവലിയെ സാക്ഷിയാക്കി ആഭ്യന്തരവകുപ്പിനെതിരെ ആരോപണം തുടര്‍ന്ന് പി വി അന്‍വര്‍. പൊലീസിന് സ്വര്‍ണം പൊട്ടിക്കലില്‍ പങ്കുണ്ടെന്ന ആരോപണം അന്‍വര്‍ ഇന്ന് കുറച്ചുകൂടി രൂക്ഷമായി ആവര്‍ത്തിച്ചു. പൊലീസിന്റെ സ്വര്‍ണം പൊട്ടിക്കലിന് കസ്റ്റംസും കൂട്ടുനില്‍ക്കുന്നുണ്ടെന്നും കരിപ്പൂര്‍ വിമാനത്താവളം വഴി തട്ടിപ്പ് തുടങ്ങിയിട്ട് 3 വര്‍ഷമായെന്നും പി വി അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ നോക്കിയപ്പോഴാണ് താന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതെന്നും പരമാവധി തെളിവുകള്‍ ശേഖരിച്ചെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
എത്ര വിദഗ്ധമായി സ്വര്‍ണം പാക്ക് ചെയ്താലും കസ്റ്റംസിന്റെ കൈയിലുള്ള യന്ത്രത്തില്‍ ഇത് ഡിറ്റക്ട് ചെയ്യുമെന്ന് അന്‍വര്‍ പറയുന്നു. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും ഇതിന് കണ്ണടച്ചുകൊടുക്കുന്നു. തുടര്‍ന്ന് സുജിത് ദാസിന്റെ പൊലീസ് ഇത് പിടിക്കുകയും കൊണ്ടുപോയി ഉരുക്കുകയും ചെയ്യും. സ്വര്‍ണപ്പണിക്കാരാന്‍ ഉണ്ണി ധനികനായത് എങ്ങനെയെന്ന് അന്വേഷിച്ചാല്‍ പൊലീസിന് ഇത് കണ്ടെത്താവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്ന് അന്‍വര്‍ പറഞ്ഞു. ‘ ഞാന്‍ പുറത്തുവിട്ട വിഡിയോയിലെ ക്യാരിയേഴ്‌സ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ. അവരോട് അന്വേഷിച്ചോ. ഇല്ലല്ലോ. ഇപ്പോള്‍ അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയതിലാണ് കേസ്. നടക്കട്ടേ. നമ്മുക്ക് നോക്കാം. അന്‍വര്‍ പറഞ്ഞു. കേരളം സ്‌ഫോടനാത്മകമായ അവസ്ഥയിലാണെന്നും പൊലീസില്‍ 25% ക്രിമിനലുകളാണെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂരില്‍ പ്രതീക്ഷിച്ചതിലും വലിയ ജനാവലിയ്ക്ക് മുന്നില്‍ പുഷ്പന് ആദരമര്‍പ്പിച്ചുകൊണ്ടാണ് അന്‍വര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. മുന്‍ സിപിഐഎം നേതാവ് ഇ എ സുകുവാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്. തന്റെ പേര് അന്‍വര്‍ എന്നായതുകൊണ്ട് തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ അന്‍വര്‍ ഓം ശാന്തിയെന്ന് പറഞ്ഞാണ് തന്റെ പ്രസംഗം ആരംഭിച്ചത്. മത വിശ്വാസി ആയത് കൊണ്ട് വര്‍ഗീയ വാദി ആകില്ല. മറ്റു മതങ്ങളെ വെറുക്കുന്നവന്‍ ആണ് വര്‍ഗീയ വാദിയെന്നും അന്‍വര്‍ പറഞ്ഞു.