24 മണിക്കൂറിൽ നേപ്പാളിൽ മരണം 129; 54 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ 129 പേർ മരിച്ചു. 69 പേരെ കാണാതായി. വെള്ളക്കെട്ടിൽ കുടുങ്ങിക്കിടന്ന ആയിരത്തിലധികം പേരെ രക്ഷിക്കാനായെന്ന് സർക്കാർ അറിയിച്ചു. മരിച്ചവരിൽ 34 പേർ കാഠ്മണ്ഡു താഴ്വരയിൽ നിന്നുള്ളവരാണ്. നേപ്പാളിൽ മൂന്ന് ദിവസത്തേക്ക് സ്‌കൂളുകൾ അടച്ചു. സർവ്വകലാശാലകൾക്കും സ്കൂൾ കെട്ടിടങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതായും വാര്‍ത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
മോശം കാലാവസ്ഥ റോഡ് വ്യോമ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.സായുധ പൊലീസ് സേനയുടെയും നേപ്പാൾ പൊലീസിന്റേയും കണക്കുകൾ പ്രകാരം 69 പേരെ കാണാതാവുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാഠ്മണ്ഡു താഴ്‌വരയിൽ കനത്ത നാശനഷ്ടമുണ്ടായതായി നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് സ്ഥിരീകരിച്ചു.
നേപ്പാൾ ആർമി, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ് എന്നിവർ രാജ്യത്തുടനീളം രക്ഷാപ്രവർത്തനം തുടരുകയാണെന്നും ലേഖക് പറഞ്ഞു. രാജ്യത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തലസ്ഥാനത്തെ ചില പ്രദേശങ്ങളിൽ 322.2 മില്ലിമീറ്റർ (12.7 ഇഞ്ച്) വരെ മഴ പെയ്തുവെന്നാണ് കണക്ക്. ബാഗ്മതി നദി അപകടനില കടന്ന് 2.2 മീറ്റർ (7 അടി) ജലനിരപ്പ് ഉയര്‍ന്നു. ഞായറാഴ്ച രാവിലെയോടെ മഴയുടെ തീവ്രത കുറയുന്നുണ്ട്. ഒറ്റപ്പെട്ട മഴ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്നാമ് കാലാവസ്ഥാ നിരീക്ഷണം.