എഡിജിപിയെ തൊടാൻ സർക്കാരിന് കഴിയില്ല, തൊട്ടാൽ പൊളളും, പലതും സംഭവിക്കും, ഇനി ആശ്രയം ഹൈക്കോടതി: അൻവർ
മലപ്പുറം : എഡിജിപി എം.ആർ. അജിത്ത് കുമാറിനെ തൊട്ടാൽ സർക്കാരിന് പൊള്ളുമെന്നും ഇനി ആശ്രയം ഹൈക്കോടതിയെന്നും പി വി അൻവർ എംഎൽഎ. അനധികൃത സ്വത്ത് സമ്പാദനത്തിൽ എഡിജിപി എം.ആർ അജിത്ത് കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്യാൻ മതിയായ കാരണങ്ങളുണ്ട്. പക്ഷേ അജിത്ത് കുമാറിനെ തൊടാൻ സർക്കാരിന് കഴിയില്ല. തൊട്ടാൽ പലതും സംഭവിക്കും. സർക്കാരിന് പൊളളും. നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കോടതി മാത്രമാണ് ഇനി ആശ്രയമെന്നും പി വി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിഷേധങ്ങൾ നടത്തി തന്നെ ഭയപ്പെടുത്താനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം. പ്രതിഷേധ പ്രകടനങ്ങളിൽ മുദ്രാവാക്യം വിളിക്കുന്നവർ എല്ലാവരും തന്റെ നിലപാടുകളോട് യോജിപ്പുള്ളവരാണെന്നും അൻവർ പറഞ്ഞു.
സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പലതും പറയാനുണ്ട്. അത് നാളത്തെ പൊതുയോഗത്തിൽ വെളിപ്പെടുത്തും. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ് നിലമ്പൂരിലെ വികസന പ്രവർത്തനങ്ങളെല്ലാം തടഞ്ഞത്. നിലമ്പൂരിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടി നേതൃത്വം തന്നെ അവഗണിച്ചു. മുഖ്യമന്ത്രിയടക്കം നേതാക്കളാരും പ്രചാരണത്തിലെത്തിയില്ല. എല്ലാത്തിനും പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസായിരുന്നു. ഇ.എൻ.മോഹൻദാസ് ഒന്നാം തരം വർഗീയ വാദി. പക്കാ ആർ.എസ്.എസുകാരനാണെന്നും മുസ്ലീം ആയതിനാലാണ് തന്നോടുള്ള വിരോധം.
6 മാസം മുമ്പ് ഇ എൻ മോഹൻ ദാസിനെ ആർ.എസ്.എസ് ബന്ധത്തിൻ്റെ പേരിൽ ജില്ലാ കമ്മറ്റി ഓഫീസിൽ വച്ച് ഒരു സെക്രട്ടറിയറ്റ് അംഗം കയ്യേറ്റം ചെയ്തിട്ടുണ്ട്. ചവിട്ടിവീഴ്ത്തി കോളറിന് പിടിച്ചു. ഇ എൻ മോഹൻ ദാസ് രാവും പകലും ആർ.എസ്.എസിനു വേണ്ടിയാണ് മലപ്പുറത്ത് പ്രവർത്തിക്കുന്നത്. മത ന്യൂനപക്ഷങ്ങൾക്ക് ഫണ്ട് കൊടുക്കലല്ല സർക്കാർ നിലപാട് എന്നു പറഞ്ഞു ഇ.എൻ.മോഹൻദാസ് പല തവണ തടഞ്ഞു. ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളോടും സിപിഎം ജില്ലാ സെക്രട്ടറിക്ക് കടുത്ത വിരോധമാണെന്നും അൻവർ ആരോപിച്ചു.