സൊമാറ്റോ സഹസ്ഥാപക ആകൃതി ചോപ്ര രാജിവെച്ചു
സൊമാറ്റോയുടെ സഹസ്ഥാപക ആകൃതി ചോപ്ര രാജിവെച്ചു. കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തു വന്നിരുന്ന ഇവരെ 2021 ൽ ഐപിഒയ്ക്ക് തൊട്ടുമുൻപാണ് സഹസ്ഥാപക എന്ന നിലയിലേക്ക് ഉയർത്തിയത്. ആകൃതിയുടെ രാജിവിവരം കമ്പനി സ്റ്റോക് എക്സ്ചേഞ്ചിനെ അറിയിച്ചു.
2011 മുതൽ ആകൃതി കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഫിനാൻസ് ആൻ്റ് ഓപറേഷൻസ് വിഭാഗം സീനിയർ മാനേജറായാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ചീഫ് ഫിനാൻഷ്യൽ ഓഫീസർ പദവിയിലെത്തി. 2020 ൽ അക്ഷന്ത് ഗോയൽ ഈ പദവിയിലേക്ക് വന്നതോടെ ചുമതല ആകൃതി ഒഴിഞ്ഞിരുന്നു. പിന്നീട് ചീഫ് പീപ്പിൾ ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു.
ആകൃതി സെപ്തംബർ 27 മുതൽ കമ്പനിയുടെ ഭാഗമല്ലെന്നാണ് സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച ഫയലിങിൽ വ്യക്തമാക്കുന്നത്. അതേസമയം വ്യക്തിപരമായ കാരണങ്ങളാൽ ഏറെ നാളായി ആകൃതി കമ്പനിയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് അവധിയെടുത്തതായും വാർത്തകളുണ്ട്.