Saturday, January 4, 2025
Latest:
KeralaTop News

ജില്ലാകളക്ടറുടെ നിർദേശം ഉണ്ടായിരുന്നു, പിന്നീട് രണ്ടും കൽപ്പിച്ച് ശ്രീമൂലസ്ഥാനത്തേക്ക് പോകുകയായിരുന്നു; സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ ശെരിവെച്ച് മന്ത്രി കെ രാജൻ

Spread the love

വിഎസ് സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ ശെരിവെച്ച് റവന്യു മന്ത്രി കെ രാജൻ. പൂരം നടന്ന ദിവസം ബോധപൂർവ്വമായ രാഷ്ട്രീയ നീക്കങ്ങൾ നടന്നിരുന്നു. ജില്ലാകളക്ടറുടെ നിർദേശപ്രകാരമാണ് ആദ്യഘട്ടത്തിൽ പോകാതിരുന്നതെന്നും സ്വയം നിയന്ത്രണം പാലിക്കുകയാണ് അവിടെ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

”അതുവരെ കാണാത്ത ആളുകളാണ് അവിടെ ഉണ്ടായിരുന്നത് സംഘർഷ സാധ്യത ഉണ്ടെന്ന കളക്ടറുടെ നിർദേശം ലഭിച്ചത് കൊണ്ട് മാത്രമാണ് ആദ്യം പോകാതിരുന്നത്. പക്ഷെ പ്രശ്നത്തിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നത്കൊണ്ടാണ് ഔദ്യോഗിക വാഹനവും പൊലീസ് സുരക്ഷയും ഉപേക്ഷിച്ച് ജനക്കൂട്ടത്തിന് നടുവിലൂടെയാണ് ശ്രീമൂല സ്ഥാനത്തേക്ക് പോയിരുന്നത്. പിന്നീട് അവിടെ എത്തി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തുകയായിരുന്നുവെന്നും” മന്ത്രി പറഞ്ഞു.

പൂരം കലക്കിയതിന് പിന്നാലെ റവന്യു മന്ത്രി കെ രാജനെ ആക്രമിക്കാൻ ശ്രമം നടന്നുവെന്നും ആർഎസ്എസ് ബിജെപി പ്രവർത്തകർ സംഘടിച്ചാണ് മന്ത്രിയെ ആക്രമിക്കാൻ ലക്ഷ്യമിട്ടത് , രണ്ടും കൽപ്പിച്ചാണ് മന്ത്രിയും താനും ശ്രീമൂല സ്ഥാനത്ത് എത്തിയതെന്നും വിഎസ് സുനിൽകുമാർ ട്വന്റി ഫോറിനോട് വെളിപ്പെടുത്തൽ നടത്തിയിരുന്നു.

പൂരം നിർത്തി വെച്ചതിന് പിന്നാലെയാണ് അങ്ങോട്ട് പോകുന്നതിനായി മന്ത്രി കെ രാജൻ തന്നെ ബന്ധപ്പെടുന്നത്. എന്നാൽ ആർഎസ്എസ് ബിജെപി പ്രവർത്തകർ അവിടെ സംഘടിച്ചുനിന്നിരുന്നു മന്ത്രി അവിടെ എത്തിയാൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ജില്ലാ കളക്ടറുടെയും പൊലീസിന്റെയും നിർദേശം ലഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ അവിടേക്ക് പോയിരുന്നില്ലെന്നും പിന്നീട് എന്തും നടക്കട്ടെ എന്ന് കരുതി രണ്ടും കൽപ്പിച്ചാണ് ഞങ്ങൾ രണ്ടുപേരും സ്ഥലത്തെത്തിയത്”, വിഎസ് സുനിൽകുമാർ പറഞ്ഞു.

പൂരം നടക്കുന്ന സമയത്ത് മന്ത്രി രാജൻ വീട്ടിൽ പോയി ഇരിക്കുകയായിരുന്നുവെന്ന ആരോപണത്തെയും സുനിൽകുമാർ എതിർത്തു. ”ഞങ്ങൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു, അന്ന് അവിടെ അറിയപ്പെടുന്ന BJP നേതാക്കളുട നേതൃത്വത്തിൽ ജാഥ നടക്കുകയും ശ്രീമൂല സ്ഥാനത്ത് നാമജപം ഉണ്ടാവുകയും ചെയ്തിരുന്നു.

ആ സമയത്ത് പൊലീസ് സുരക്ഷാ ഭീഷണി ഉണ്ടെന്ന് പറഞ്ഞത് കൊണ്ടുമാത്രമാണ് മാറി നിന്നത്. അവിടെ നടന്ന പ്രശ്നങ്ങളിൽ എല്ലാം മന്ത്രി രാജൻ ഉൾപ്പെടെ ഇടപ്പെട്ടിരുന്നു, ADGP അവിടെ ഉണ്ടായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞതെന്നും അതിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും” സുനിൽ കുമാർ വ്യക്തമാക്കി.