Tuesday, February 4, 2025
Latest:
KeralaTop News

തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രി കെ രാജനെ ആക്രമിക്കാനും ശ്രമം നടന്നു; ഗുരുതര ആരോപണവുമായി വി എസ് സുനില്‍ കുമാര്‍

Spread the love

തൃശൂര്‍ പൂരം കലക്കിയതിന് പിന്നാലെ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടന്നെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍. റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടുവെന്നാണ് സുനില്‍ കുമാറിന്റെ ആരോപണം. തൃശ്ശൂര്‍ കളക്ടര്‍ ആയിരുന്ന കൃഷ്ണതേജ മന്ത്രി കെ രാജനോട് ഇക്കാര്യം അറിയിച്ചുവെന്നും സുനില്‍ കുമാര്‍ പറഞ്ഞു

ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്‌നമുണ്ടാക്കി സര്‍ക്കാരിനെതിരെ സംഘര്‍ഷം അഴിച്ചുവിടാന്‍ നീക്കമുണ്ടെന്നാണ് കളക്ടര്‍ മന്ത്രിയെ അറിയിച്ചതെന്ന് സുനില്‍ കുമാര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ മന്ത്രി പ്രശ്‌നം നടന്ന സ്ഥലത്തേക്ക് എത്താതിരുന്നതും കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. പിന്നീട് രണ്ടും കല്‍പ്പിച്ചാണ് മന്ത്രിയും താനും ശ്രീമൂല സ്ഥാനത്ത് എത്തിയതെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രി രാജനടക്കം വീട്ടില്‍ പോയി ഇരിക്കുകയായിരുന്നു എന്ന ആരോപണം തെറ്റാണെന്ന് സുനില്‍ കുമാര്‍ വിശദീകരിച്ചു. സുരക്ഷാ ഭീഷണി ഉണ്ടെന്ന് പൊലീസ് പറഞ്ഞതുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ മാറിനിന്നത്. തങ്ങള്‍ എല്ലാവരും അവിടെ ഉണ്ടായിരുന്നുവെന്നും ജനങ്ങള്‍ ഇതെല്ലാം അറിയണമെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.