KeralaTop News

‘ബൂര്‍ഷ്വാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും ചട്ടുകമായി മാറി’; അന്‍വറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

Spread the love

അന്‍വര്‍ എഴുതിക്കൊടുത്ത പരാതി സംബന്ധിച്ച് സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തത്. പാര്‍ട്ടി അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കാനാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നും എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കില്ലെന്നും ഇന്നലെത്തന്നെ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ നിലപാട് സ്വീകരിച്ചാല്‍ പിന്നെ തങ്ങള്‍ എന്ത് നിലപാട് ഇതിന്മേല്‍ തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് അന്‍വറിനെ പുറന്തള്ളണമെന്ന് അഭിപ്രായം അന്നും ഇന്നും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടിക്ക് അന്‍വറുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇനിയില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറുമായിട്ടുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരായി തെറ്റായ പ്രചാരവേല നടത്തുന്ന ബൂര്‍ഷ്വാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും ചട്ടുകമായി അന്‍വര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്‍വറിന്റെ തന്നെ നിലപാടിനെ തുടര്‍ന്ന് പൂര്‍ണമായും അദ്ദേഹവുമായുള്ള ബന്ധം ഉപേക്ഷിച്ചിരിക്കുന്നുവെന്ന് കൃത്യമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അന്‍വര്‍ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ ഇതേ മറുനാടന്റെ ആരോപണങ്ങളാണ് അന്‍വര്‍ ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. പലരും കമ്യൂണിസ്റ്റ് പാര്‍ട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാര്‍ട്ടി അധികാരത്തിലെത്തിയിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന് എതിരെ പല ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അതിനെ മറികടന്ന് ആണ് ചരിത്രവിജയം നേടിയത്. തനിക്കെതിരെ ഇങ്ങനെ ആരോപണം വന്നില്ലെങ്കില്‍ ആണ് സംശയിക്കേണ്ടത്. ഒറ്റക്ക് ഒറ്റക്കൊറ്റയ്ക്കല്ല കൂട്ടമായാണ് പാര്‍ട്ടി ഭരിക്കുന്നത്. കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഒരാളല്ല. എല്ലാം കൂടിച്ചേര്‍ന്ന നേതൃത്വമാണ് – അദ്ദേഹം വിശദമാക്കി.

മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് ഫേയ്ബുക്കില്‍ പോസ്റ്റിട്ട അന്‍വറാണിപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം നടത്തുന്നതെന്ന് എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. അവസരവാദ നിലപാടാണ് അന്‍വറിന്റേതെന്ന് പറഞ്ഞ അദ്ദേഹം ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെുടുപ്പില്‍ മത്സരിച്ച് റിയാസ് ജയിച്ചതെന്നും റിയാസിന്റെ ഭാര്യക്കെതിരെയും അന്‍വര്‍ ആക്ഷേപം ഉയര്‍ത്തിയെന്നും ചൂണ്ടിക്കാട്ടി.