നേരത്തെ സംശയിച്ചതുപോലെ കാര്യങ്ങള്‍ എത്തി,എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അന്‍വര്‍ പറഞ്ഞു’ മുഖ്യമന്ത്രി
ഭരണകക്ഷി എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കും സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറയുന്നത്. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്തെന്ന് സംശയമുണ്ടായിരുന്നു. നേരത്തെ സംശയിച്ചത് പ്രകാരമാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് വിടുകയാണെന്ന് അന്‍വര്‍ സ്വയമേവ പ്രഖ്യാപനം നടത്തിയല്ലോ എന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഉള്‍പ്പെടെയാണ് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ പി വി അന്‍വര്‍ തുറന്നടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് അഗ്‌നിപര്‍വതത്തിന് മുകളിലാണ്. താന്‍ അറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞാല്‍ സഖാക്കള്‍ എകെജി സെന്റര്‍ തകര്‍ക്കും. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി തന്നെ ചതിച്ചു. പൊതുപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ പ്രമാണിത്വമാണ് ഈ സര്‍ക്കാരിന്റെ സംഭാവനയെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.
അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ഉള്‍പ്പെടെ മറ്റൊരു അവസരത്തില്‍ വിശദമായി മറുപടി പറയാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വന്ന ആരോപണങ്ങളായേ കാണുന്നുള്ളൂ. അതിനാല്‍ തന്നെ അവ പൂര്‍ണമായും തള്ളിക്കളയുന്നു. അന്‍വറിന്റെ ആരോപണങ്ങളില്‍ നിലവിലെ നിഷ്പക്ഷ അന്വേഷണം തുടരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും സംശയത്തില്‍ നിര്‍ത്തുന്ന പ്രതികരണമാണ് ഇന്നലെ പി വി അന്‍വര്‍ നടത്തിയത്. തൃശൂരില്‍ ബിജെപിക്ക് സീറ്റുനേടാനാണ് അജിത് കുമാര്‍ പൂരം കലക്കിയതെന്നും ആരുടെയെങ്കിലും നിര്‍ദേശം അനുസരിച്ചാകാം അജിത് ഇത് ചെയ്തതെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം വേണ്ടത് ആര്‍ക്കാണോ അവരാകാം പൂരം കലക്കാന്‍ അജിത് കുമാറിന് നിര്‍ദേശം നല്‍കിയത്. അത് ആരെന്ന് താന്‍ പറയുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ചോദിക്കണം. തന്റെ വാക്കുകളില്‍ ഇതെല്ലാം ഉണ്ടല്ലോയെന്നും അന്‍വര്‍ പറഞ്ഞു. പരസ്യപ്രസ്താവന വേണ്ടെന്ന പാര്‍ട്ടിയുടെ നിര്‍ദേശം ലംഘിച്ച് വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു അന്‍വറിന്റെ പ്രതികരണം.