‘എന്ത് കരുതലാണ് മുഖ്യമന്ത്രിക്ക്; ജുഡീഷ്യൽ അന്വേഷണം തന്നെ വേണം’; വിഡി സതീശൻ
തൃശൂർ പൂരം വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് തള്ളിയതിന് പിന്നാലെയാണ് വിഡി സതീശൻ വിമർശനവുമായി രംഗത്തെത്തിയത്. എഡിജിപിയുടെ അന്വേഷണം പ്രഹസനം എന്ന് നേരത്തെ തങ്ങൾ പറഞ്ഞിരുന്നതാണെന്ന് വിഡി സതീശൻ പറഞ്ഞു.
പൂരം അലങ്കോലപ്പെടുത്തിയതിൽ ജുഡിഷ്യൽ അന്വേഷണം തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എത്ര അന്വേഷണമാണ് എ.ഡി.ജി.പിക്കെതിരെ ഉള്ളതെന്നും എന്നിട്ടും മുഖ്യമന്ത്രി എ.ഡി.ജി.പി യെ സംരക്ഷിക്കുന്നുവെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. തൽസ്ഥാനത്ത് തുടർന്നിട്ട് എന്ത് അന്വേഷണം. എന്ത് കരുതലാണ് മുഖ്യമന്ത്രിക്കെന്ന് വിഡി സതീശൻ പരിഹസിച്ചു
ആർഎസ്എസ് നേതാക്കളെ കണ്ടതും പൂരം കലക്കിയതുമെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. ഡിജിപി പറഞ്ഞാൽ എ.ഡി.ജി.പി കേൾക്കില്ല. ഒരുകാലത്തും ഇല്ലാത്ത പ്രതിസന്ധിയിലാണ് പൊലീസ് എന്ന് വിഡി സതീശൻ പറഞ്ഞു. അതേസമയം തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ തള്ളി യിരുന്നു. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശ നൽകി.