ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; കരയുദ്ധത്തിന് നീക്കം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല
ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. രയുദ്ധത്തിനായി ഇസ്രയേൽ തയ്യാറെടുക്കുന്നതായി സൂചന. തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് കരയുദ്ധത്തിന് ഇസ്രയേൽ തയാറെടുക്കുന്നത്. ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചിരുന്നു.
വടക്കൻ അതിർത്തിയിലേക്ക് കരുതൽസേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേൽ തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചിരുന്നു. ഖാദർ-1 എന്ന ബാലിസ്റ്റിക് മിസൈൽ ആണ് പ്രയോഗിച്ചത്. ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ച് തകർത്തതായി ഇസ്രയേൽ വക്താവ് അറിയിച്ചു.
അതേസമയം ലെബനനിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യ രാഷ്ട്ര സഭയുടെ അടിയന്തര യോഗത്തിൽ ലോക നേതാക്കൾ ആവശ്യപ്പെട്ടു സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര തലത്തിൽ അമേരിക്ക ശ്രമം ആരംഭിച്ചു. 21 ദിവസത്തെ വെടിനിർത്തൽ നിർദേശം ഫ്രാൻസ് മുമ്പോട്ട് വെച്ചു. ശക്തമായ വ്യോമാക്രമണമാണ് ലെബനനിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്നത്. പേജർ-വാക്കി ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചത്.