ഇന്ത്യൻ നിർമ്മിത എകെ 203 തോക്കുകൾക്ക് വൻ ഡിമാൻ്റ്; ആവശ്യക്കാർ ഏറെയും ആഫ്രിക്ക-മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന്
ഇന്ത്യൻ നിർമ്മിത എകെ 203 തോക്കുകൾക്ക് വൻ വിൽപ്പന. ഇന്തോ റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ആർ.ആർ.പി.എൽ) എന്ന സ്ഥാപനം വഴി ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിക്കുന്ന കലാഷ്‌നികോവ് എകെ 203 അസോൾട്ട് റൈഫിൾസിനാണ് ഡിമാൻ്റ്. ആഫ്രിക്കയിൽ നിന്നും മധ്യ പൂർവേഷ്യയിൽ നിന്നുമാണ് തോക്കുകൾക്ക് ഓർഡറുകൾ കൂടുതലായി എത്തുന്നത്.
റഷ്യക്ക് മേലെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഐ.ആർ.ആർ.പി.എല്ലിന് വലിയ തോതിൽ നേട്ടമായത്. കലാഷ്നികോവ് തോക്കുകളുടെ എറ്റവും ആധുനിക രൂപമാണ് എകെ 203. റഷ്യക്ക് പുറത്തെ എകെ-200 സീരീസ് തോക്കുകൾ നിർമ്മിക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാണ്.
റഷ്യയിൽ നിന്നുള്ള ആയുധങ്ങൾ കാലങ്ങളായി വാങ്ങിക്കൊണ്ടിരുന്ന ഇടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് ഇപ്പോൾ തോക്കുകൾ തേടി ആളെത്തുന്നത്. റഷ്യൻ സഹകരണം ഉള്ളതാണ് തോക്കുകൾക്ക് മേൽ വിശ്വാസ്യത വർധിക്കാൻ കാരണം. എന്നാൽ കമ്പനിയുമായി ആരും തോക്കുകൾക്കായി ഔദ്യോഗിക കരാറുകളിൽ ഏർപ്പെട്ടിട്ടില്ല. എങ്കിലും 35000 എകെ 203 തോക്കുകൾ ഇതിനോടകം ഇന്ത്യൻ സൈന്യം വാങ്ങി. കൂടുതൽ തോക്കുകൾ ഉടൻ തന്നെ ഇന്ത്യൻ സൈന്യത്തിന് നൽകും.