‘RSSന് ഒന്നും ഒളിച്ചു വെക്കാനില്ല; സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാൽ മുളയ്ക്കാത്ത നുണകളുമായി’; കെ സുരേന്ദ്രൻ
എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് ബിജെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണം നടക്കട്ടെയെന്നും ആർഎസ്എസ് നേതാക്കളെ ആർക്കും കാണാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആർഎസ് എസിന് ഒന്നും ഒളിച്ചു വെക്കാനില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
അന്വേഷണത്തോട് സഹകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ആർ എസ് എസ് നേതൃത്വമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എഡിജിപിയുടെ തൃശൂർ പൂരം വിവാദം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ടിനെ സുരേന്ദ്രൻ വിമർശിച്ചു. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എഡിജിപിക്ക് തെറ്റ് പറ്റിയാൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ദേവസ്വത്തിൻ്റെ പേരിൽ കെട്ടിവയ്ക്കണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ ശോഭ കെടുത്താനാണ് ശ്രമം. എഡിജിപി – ഡി ജി പി തമ്മിലുള്ള തർക്കം ബി ജെ പിയുടെ തലയിലിൽ ഇടേണ്ട. നട്ടാൽ മുളയ്ക്കാത്ത നുണകളുമായാണ് സിപിഐഎമ്മും കോൺഗ്രസും വരുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം പീഡനക്കേസിൽ അറസ്റ്റിലായ മുകേഷ് രാജിവയ്ക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് രാജി ആവശ്യപ്പെടത്തത് എന്ന് അദ്ദേഹം ചോദിച്ചു. സിദ്ധിഖ് എവിടെയുണ്ടെന്ന് പൊലീസിനറിയാമെന്നും സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടാനുള്ള വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.