പി ശശിക്കെതിരെ അന്വേഷണം ഇല്ല, എഡിജിപിയെ ഉടന്‍ മാറ്റേണ്ടതില്ല, തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍
പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് എതിരെ അന്വേഷണം ഇല്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ശശി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. എഡിജിപിയെ ഉടന്‍ മാറ്റേണ്ടതില്ലെന്നും തീരുമാനിച്ചു. അന്‍വറിന്റെ പരാതിയില്‍ തത്ക്കാലം തുടര്‍ നടപടിയില്ല. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും വന്ന ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം.
പി. ശശിക്കെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ. നല്‍കിയ പരാതിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നിട്ടുണ്ടെന്നാണ് സൂചന. അന്‍വറിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പാര്‍ട്ടി ശരിവെക്കുന്നുവെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. എഡിജിപിയുടെ കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലേക്കാണ് നിലവില്‍ സിപിഐഎം എത്തിയത്.
തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശക്ക് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ കൈമാറിയിട്ടില്ല. ആരോപണങ്ങളുടെ പേരില്‍ മാത്രം അന്വേഷണം വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്.
വളരെ ഗുരുതരമായ ആരോപണമായിരുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എംആര്‍ അജിത് കുമാറിനുമെതിരെ പിവി അന്‍വര്‍ ഉന്നയിച്ചിരുന്നത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പമുണ്ടാക്കി. പാര്‍ട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന വേളയിലായിരുന്നു ഈ ആരോപണങ്ങള്‍ വരുന്നത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ കഴിഞ്ഞ് ലോക്കല്‍ സമ്മേളനങ്ങളിലേക്ക് സിപിഐഎം കടക്കുകയാണിപ്പോള്‍. ഈ ഘട്ടത്തിലാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത്.