NationalTop News

ഉന്നാവോ പീഡനം: അതിജീവിതക്കുള്ള സിആർപിഎഫ് സുരക്ഷ പിൻവലിക്കണം, കാരണങ്ങൾ അക്കമിട്ട് നിരത്തി കേന്ദ്രം; സുപ്രീം കോടതിയിൽ ഹർജി

Spread the love

ഉന്നാവോ ബലാത്സംഗ കേസ് അതിജീവിതയ്ക്കും മറ്റ് 13 പേർക്കുമുള്ള സിആർപിഎഫ് സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ. അടുത്തിടെ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ അതിജീവിതയ്ക്ക് ഇനി ഭയക്കാനില്ലെന്ന റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതോടെയാണ് കേന്ദ്ര സർക്കാർ സുരക്ഷ പിൻവലിക്കാൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ ഹർജി സമർപ്പിച്ചു.

കേസിലെ പ്രതികളുടെയും അവരെെ പിന്തുണക്കുന്നവരുടെയും ഭാഗത്ത് നിന്ന് ഇപ്പോൾ അതിജീവിതക്കോ അവരുടെ അഭിഭാഷകർക്കോ ഭീഷണിയില്ല. അതിജീവിതക്കും മറ്റുള്ളവർക്കും സുരക്ഷയൊരുക്കുന്ന സിആർപിഎഫ് സംഘത്തിന് താമസ സൗകര്യമോ ശൗചാലയോ പൊലീസിൽ നിന്ന് ലഭിക്കുന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി കേസിലെ അതിജീവിത അടക്കമുള്ളവർക്ക് അഭിപ്രായം അറിയിക്കാൻ നോട്ടീസ് അയച്ചു. 2019 ഓഗസ്റ്റിൽ സുപ്രീം കോടതിയാണ് ഇവർക്ക് സിആർപിഎഫ് സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകിയത്. അതിജീവിതയ്ക്ക് ഇനി വേണ്ട സുരക്ഷ സംസ്ഥാന പൊലീസ് നൽകണമെന്നാണ് ഇപ്പോൾ കേന്ദ്രം വാദിക്കുന്നത്.

അതിജീവിതയും അവരുടെ ബന്ധുക്കളും സിആർപിഎഫ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി, സഹകരിക്കുന്നില്ല, ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കാതെ പല സ്ഥലത്തേക്കും പോകുന്നു, ഉദ്യോഗസ്ഥർക്കെതിരെ കേസ് കൊടുക്കുമെന്നും സ്വയം മുറിവേൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

കേസ് കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന ആക്ഷേപം വൻ വിവാദമായതിന് പിന്നാലെയാണ് സുപ്രീം കോടതി ഇടപെട്ട് അതിജീവിതയ്ക്ക് സുരക്ഷയൊരുക്കിയത്. 14 പേർക്കാണ് സുരക്ഷ നൽകുന്നത്. പിന്നീട് ഷിഫ്റ്റ് അടിസ്ഥാനത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ അതിജീവിതയ്ക്ക് ഒപ്പം മുഴുവൻ സമയവും തുടർന്നിരുന്നു. ഇതേ വർഷം മെയ് മാസത്തിലും സമാനമായ ആവശ്യം കേന്ദം ഉന്നയിച്ചിരുന്നു. അത് സുപ്രീം കോടതി വാദം കേട്ട ശേഷം തള്ളിയിരുന്നു.